വെല്ലുവിളികള്‍ ഏറ്റെടുക്കാൻ മടിയില്ലാത്ത ആൾ, പരാജയങ്ങളില്‍ പതറുന്ന ആളുമല്ല ;തൃശ്ശൂരില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പരസ്യമായി പറഞ്ഞത് മുരളീധരന്റെ വിലപേശല്‍ തന്ത്രമോ…

വെല്ലുവിളികള്‍ ഏറ്റെടുക്കാൻ മടിയില്ലാത്ത ആൾ, പരാജയങ്ങളില്‍ പതറുന്ന ആളുമല്ല ;തൃശ്ശൂരില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പരസ്യമായി പറഞ്ഞത് മുരളീധരന്റെ വിലപേശല്‍ തന്ത്രമോ…

സ്വന്തം ലേഖകൻ

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ തൃശ്ശൂരില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ് എന്ന് പരസ്യമായി പറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നത്.

മുരളീധരനെ എങ്ങനെയും അനുനയിപ്പിച്ച്‌ ഒപ്പം നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ വാശിയോടെ നിലപാടെടുക്കുന്നത് മുസ്ലീം ലീഗാണ്. എന്തുസംഭവിച്ചാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കണം എന്നതാണ് മുസ്ലീം ലീഗിന്റെ നിലപാട്. കേരളത്തില്‍ അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വരും എന്നത് തന്നെയാണ് കെ മുരളീധരന്റെയും വിലപേശല്‍ തന്ത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് ഇനിയും ലോക്സഭയിലേക്ക് പോകാൻ താത്പര്യമില്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും വളരെ മുന്നേ മുരളീധരൻ തുറന്നു പറഞ്ഞിരുന്നു. ലോക്സഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ലെന്നും അതേസമയം, കേരളത്തില്‍ യുഡിഎഫ് ഉറപ്പായും അധികാരത്തില്‍ വരും എന്നുമുള്ള രാഷ്ട്രീയ വിലയിരുത്തല്‍ ആ പ്രസ്താവനക്ക് പിന്നിലുണ്ടായിരുന്നു. കെ സുധാകരൻ, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള എംപിമാർക്കും ഇക്കുറി മത്സരിക്കാൻ വലിയ താത്പര്യമുണ്ടായിരുന്നില്ല.

എന്നാല്‍, സിറ്റിംഗ് എംപിമാർ എല്ലാം മത്സരിക്കണമെന്നുള്ള പൊതു തീരുമാനത്തില്‍ കെ മുരളീധരൻ ഉള്‍പ്പെടെ അരയുംതലയും മുറുക്കി രംഗത്തെത്തി. കഴിഞ്ഞ തവണ കൈവിട്ടുപോയ ആലപ്പുഴ പിടിച്ചെടുക്കാൻ സാക്ഷാല്‍ കെ സി വേണുഗോപാലും എത്തി. ഇക്കുറി ഇരുപതില്‍ ഇരുപതും ഉറപ്പെന്ന് കരുതിയപ്പോഴാണ് മുരളീധരന്റെ സഹോദരി പദ്മജ മറുകണ്ടം ചാടിയത്. മാറിയ സാഹചര്യത്തില്‍ തൃശ്ശൂർ നിലനിർത്താൻ വടകരയില്‍ നിന്നും മുരളീധരൻ തൃശ്ശൂരിലേക്ക് വണ്ടികയറി. പാലക്കാട് എംഎല്‍എ ഷാഫി പറമ്ബില്‍ മുരളീധരന്റെ സിറ്റിംഗ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായെത്തി.

വെല്ലുവിളികള്‍ ഏറ്റെടുക്കാൻ മടിയില്ലാത്ത ആളല്ല കെ മുരളീധരൻ. പരാജയങ്ങളില്‍ പതറുന്ന ആളുമല്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവ് എംഎല്‍എ ആയിരിക്കെയാണ് മുരളീധരൻ വടകരക്ക് വണ്ടി കയറുന്നത്. സിപിഎമ്മിന്റെ പി ജയരാജനെ നേരിടാൻ. ആ അങ്കത്തില്‍ മുരളീധരൻ വിജയിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ബിജെപിക്ക് ആകെയുണ്ടായിരുന്ന ഒരു എംഎല്‍എയെ നേരിടാൻ നേമത്ത് മത്സരിച്ചു.

മൂന്നാം സ്ഥാനത്ത് പോയെങ്കിലും നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടുവാൻ അന്ന് മുരളീധരന് കഴിഞ്ഞിരുന്നു. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എംപി വീരേന്ദ്രകുമാറിനോടും 1998ല്‍ തൃശ്ശൂരില്‍ സിപിഐ നേതാവ് വി.വി രാഘവനോടും 2009ല്‍ വയനാട്ടില്‍ എൻസിപി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിനോടും മുരളീധരൻ പരാജയപ്പെട്ടിട്ടുണ്ട്.

2004ല്‍ സംസ്ഥാന വൈദ്യുതി മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വടക്കാഞ്ചേരിയില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006ല്‍ കൊടുവള്ളിയിലും പരാജയപ്പെട്ട ചരിത്രം കെ മുരളീധരനുണ്ട്. അന്നൊന്നും ഇല്ലാത്ത നിരാശ ഇന്ന് മുരളീധരനുണ്ടെങ്കില്‍ അതിന് കാരണം രണ്ടേ രണ്ട് കസേരകള്‍ കണ്ടുകൊണ്ടുള്ള കരുനീക്കം മാത്രമാണ്. അതിലൊന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയും മറ്റൊന്ന് ആദ്യത്തെ കസേര കിട്ടുന്നില്ലെങ്കില്‍ കെപിസിസി പ്രസിഡന്റിന്റെ കസേരയുമാണ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി കുപ്പായം തുന്നി രമേശ് ചെന്നിത്തല മുതല്‍ ശശി തരൂരും വി ഡി സതീശനും വരെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തർക്കങ്ങളില്ലാതെ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണ് മുരളീധരൻ തേടുന്നത്. പാർട്ടിയിലെ പോരാളിയും ബലിയാടും താൻ മാത്രമാണെന്ന് ഓരോ കോണ്‍ഗ്രസ് നേതാക്കളെ കൊണ്ടും പ്രവർത്തകരെ കൊണ്ടും പറയിക്കുകയാണ് മുരളീധരൻ.

കോണ്‍ഗ്രസിലെ പഴയ ഐ ഗ്രൂപ്പിന്റെ നേതാവായിരുന്നു കെ മുരളീധരൻ. എ, ഐ ഗ്രൂപ്പുകള്‍ മാറി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ വന്നെങ്കിലും കെ മുരളീധരനെ ആരാധനയോടെ കാണുന്ന ഒരു വിഭാഗം നേതാക്കളും അണികളും കോണ്‍ഗ്രസില്‍ ഇന്നുമുണ്ട്. അവരുടെ പിന്തുണയോടെ കോണ്‍ഗ്രസില്‍ തനിക്ക് നഷ്ടമായ സ്വാധീനം ഉറപ്പിക്കാനുള്ള അവസരമായാണ് മുരളീധരൻ തൃശ്ശൂരിലെ പരാജയത്തെ കാണുന്നത്. തന്നെ തൃശ്ശൂരില്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസുകാർ തന്നെയാണെന്ന് മുരളീധരൻ ഉറച്ച്‌ വിശ്വസിക്കുന്നു. സഹോദരിയും ബിജെപി നേതാവുമായ പദ്മജ വേണുഗോപാല്‍ അത് പരസ്യമായി പറയുകയും ചെയ്തു. തനിക്കെതിരെ നില്ക്കുന്നവരെ ദുർബലപ്പെടുത്തുകയും തന്റെ കെഎം ആർമിയെ സജ്ജമാക്കുകയുമാണ് നിശബ്ദതയില്‍ കെ മുരളീധരൻ ചെയ്യുന്നത്.

തിരുവനന്തപുരം മുതല്‍ കാസർകോട് വരെ മുരളീധരന് ബന്ധങ്ങളുണ്ട്; പാർട്ടിയിലും പൊതുജനങ്ങള്‍ക്കിടയിലും. യുഡിഎഫിലെ രണ്ടാമത്തെ പ്രധാന പാർട്ടിയായ മുസ്ലീം ലീഗ് നേതാക്കളുമായും മറ്റേത് കോണ്‍ഗ്രസ് നേതാക്കളെക്കാളും അടുപ്പവും മുരളീധരനാണ്. തനിക്കൊപ്പം നില്‍ക്കുന്നവരെ കൂട്ടിയോജിപ്പിച്ച്‌ സംസ്ഥാന കോണ്‍ഗ്രസില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുക തന്നെയാണ് മുരളീധരൻ ലക്ഷ്യം വെക്കുന്നത്.

വട്ടിയൂർക്കാവില്‍ നിന്നും വടകര എംപിയായി പോയെങ്കിലും വട്ടിയൂർക്കാവുമായുള്ള ബന്ധം മുരളീധരൻ അവസാനിപ്പിച്ചിരുന്നില്ല. ശനി, ഞായർ ദിവസങ്ങളില്‍ വട്ടിയൂർക്കാവിലെത്തുന്ന മുരളിധരൻ, ഒന്നൊഴിയാതെ എല്ലാ വിവാഹ വീടുകളിലും മരണ വീടുകളിലും എത്താൻ ശ്രദ്ധിച്ചിരുന്നു. വട്ടിയൂർക്കാവിലെ കോണ്‍ഗ്രസ് പ്രവർത്തകരുമായി ആത്മബന്ധം കാത്തുസൂക്ഷിക്കാൻ മുരളീധരൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വട്ടിയൂർക്കാവിലെ ഇപ്പോഴത്തെ എംഎല്‍എ സിപിഎം നേതാവ് വി കെ പ്രശാന്തിനെ നേരിടാൻ ഇന്ന് കോണ്‍ഗ്രസില്‍ കെ മുരളീധരനോളം പോന്ന സ്ഥാനാർത്ഥിയുമില്ല. ഈ സാഹചര്യങ്ങളെല്ലാം തനിക്ക് അനുകൂലമാണെന്ന കണക്കുകൂട്ടലിലാകാം മുരളീധരൻ ഇപ്പോള്‍ ഒരല്‍പം പിന്നോട്ട് നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയും ഖാർഗെയും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവർ തന്നെ അനുനയിപ്പിക്കാനെത്തുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടാകാം.

സഹോദരി പദ്മജക്ക് പിന്നാലെ മുരളീധരനും ബിജെപിയിലേക്ക് പോകുമോ എന്ന ആശങ്കയും യുഡിഎഫ് നേതൃത്വത്തിനുണ്ട്. എ കെ ആന്റണി ജീവിച്ചിരിക്കെ മകൻ അനില്‍ ആന്റണി ബിജെപിയില്‍ പോയെങ്കില്‍, കരുണാകരന്റെ മകള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍, കരുണാകരന്റെ മകനും എന്തുകൊണ്ട് പോയ്ക്കൂടാ എന്ന ചോദ്യം യുഡിഎഫ് ക്യാമ്ബുകളില്‍ ഉയരുന്നുണ്ട്. കെ മുരളീധരനെ അധികം താമസിക്കാതെ മുരളീ ജീ എന്ന് വിളിക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറയുകയും ചെയ്തിരുന്നു. മുരളീധരനെ പോലെ ശക്തനായ നേതാവ് ബിജെപിയില്‍ പോയാല്‍ അത് കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ ദോഷം ചെയ്യുമെന്ന് യുഡിഎഫ് നേതാക്കളും തിരിച്ചറിയുന്നുണ്ട്.