യുവതലമുറക്ക് കേരളം വേണ്ട, വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നു, ജിസിസി രാജ്യങ്ങളെ യുവത്വം പാടെ ഒഴിവാക്കി, പോകുന്നത് പാശ്ചാത്യ രാജ്യങ്ങളിലേക്ക്, അറബ് യുവാക്കള്‍ ഇന്ത്യൻ യുവാക്കൾക്ക് തിരിച്ചടിയാകുന്നു, യുവത്വത്തിന്റെ കൊഴിഞ്ഞുപോക്ക് കേരളത്തിന്റെ വളർച്ചയോ തിരിച്ചടിയോ? കെഎംഎസ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സ്വദേശത്തേക്കാൾ ഇപ്പോഴത്തെ യുവതലമുറ ഏറ്റവും ഇഷ്ടപ്പെടുന്നത് വിദേശ ജീവിതമാണ്. പഠനത്തിനായാലും ജോലിക്കായാലും ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. കേരളത്തിലെ തൊഴിലില്ലായ്മയും ചെയ്യുന്ന ജോലിക്ക് ഉതകുന്ന തരത്തിലുള്ള ശമ്പളം കിട്ടാതെ വരുന്നതും യുവതലമുറയുടെ കുടിയേറ്റത്തിന് കാരണമാണ്.
ജോലിയുണ്ടെങ്കിലും ഒരു കുടുംബം ബുദ്ധിമുട്ടുകളില്ലാതെ നടത്തികൊണ്ടുപോകാൻ കേരളത്തിൽ ജോലി ചെയ്താൽ മതിയാകില്ല. വിദ്യഭ്യാസത്തിന് അനുസരിച്ച് ജോലി കിട്ടിയാലും നല്ല ശമ്പളം കിട്ടണമെങ്കിൽ വിദേശ രാജ്യങ്ങളിൽ തന്നെ പോകണം. അതുകൊണ്ട് തന്നെയാണ് രണ്ട് വർത്തേക്ക് വിസയെടുത്ത് പോകുന്നവർ അവരുടെ ജീവിതകാലം മുഴുവൻ കുടുംബം ഉപേക്ഷിച്ച് വിദേശങ്ങളിൽ സ്ഥിരമാക്കുന്നത്.
വിദ്യാഭ്യാസത്തിനനുസരിച്ചുള്ള തൊഴില്‍ ലഭിക്കാത്തതും വിദേശത്തേയ്ക്ക് ചേക്കേറാൻ യുവതലമുറയെ പ്രേരിപ്പിക്കുന്നു. കേരളത്തില്‍ നിന്ന് വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായിരിക്കുന്നതായി വ്യക്തമാക്കുകയാണ് തിരുവനന്തപുരത്തുനടന്ന ലോക കേരള സഭയില്‍ അവതരിപ്പിച്ച കേരള കുടിയേറ്റ സർവേ റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്റർനാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആന്റ് ഡവലപ്മെന്റിന്റെ സാങ്കേതിക സഹകരണത്തോടെ ഗുലാട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ടാക്‌സേഷനാണ് കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. 1998ലാണ് ആദ്യമായി സർവേ നടത്തിയത്. എല്ലാ അഞ്ചുവർഷവും കൂടുമ്പോഴാണ് സർവേ നടത്തുന്നത്.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും 77 താലൂക്കുകളില്‍ നിന്നുമായി 20,000 വീടുകളെ സാമ്പിളുകളായി കണക്കാക്കിയാണ് വിവരശേഖരം നടത്തുന്നത്. സംസ്ഥാനത്തെ കുടിയേറ്റ രീതികളിലുള്ള ആഴത്തിലുള്ള വിശകലനമാണ് സർവേയില്‍ ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വിപുലമായ സാമൂഹിക-സാമ്പത്തിക പഠനമായാണ് കെഎംഎസിനെ കണക്കാക്കുന്നത്.
കേരളത്തില്‍ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന തുക 43,378.6 കോടിയായി ഉയർന്നു. കേരളത്തിലേയ്ക്ക് എത്തുന്ന വിദേശ പണത്തില്‍ നിന്ന് 20 ശതമാനം അധികമാണിത്. കേരളത്തില്‍ നിന്ന് വിദേശത്ത് ചേക്കേറുന്നവരുടെ എണ്ണത്തിലും വർദ്ധനവ്. 2018ല്‍ നടന്ന മുൻ സർവേ റിപ്പോർട്ടില്‍ രേഖപ്പെടുത്തിയ 2.1 ദശലക്ഷത്തില്‍ നിന്ന് അഞ്ചുവർഷം പിന്നിടുമ്പോള്‍ 2.2 ദശലക്ഷമായി ഉയർന്നു. 2018ല്‍ 1,29,763 ആയിരുന്നത് അഞ്ചുവർഷം പിന്നിടുമ്പോള്‍ 2.5 ലക്ഷമായി ഇരട്ടിച്ചു.
ഏകദേശം 100 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 17 വയസിനുള്ളില്‍ സംസ്ഥാനം വിടുന്നവരുടെ എണ്ണവും ഉയർന്നു. വിദേശത്തേയ്ക്ക് പോകുന്ന വിദ്യാർത്ഥികള്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ മുൻഗണനയിലും പ്രകടമായ മാറ്റമുണ്ടായി.
വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളില്‍ കൂടുതല്‍പ്പേരും തെരഞ്ഞെടുക്കുന്നത് ജിസിസിയില്‍ (ഗള്‍ഫ് കോർപ്പറേഷൻ കൗണ്‍സില്‍) ഉള്‍പ്പെടാത്ത രാജ്യങ്ങളാണ്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയാണ് ജിസിസി രാജ്യങ്ങള്‍. വിദ്യാർത്ഥികള്‍ക്ക് ജിസിസി ഇതര രാജ്യങ്ങളോടുള്ള താത്‌പര്യം 10.8 ശതമാനത്തില്‍ നിന്ന് 19.5 ശതമാനമായി ഉയർന്നു.
ജിസിസി രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത് 2018ല്‍ 89.2 ശതമാനമായിരുന്നത് 2023ല്‍ 80.5 ശതമാനമായി ഇടിഞ്ഞു. വിദേശത്തേയ്ക്ക് കുടിയേറുന്ന സ്ത്രീകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 2018ല്‍ 15.8 ശതമാനമായിരുന്നത് 2023ല്‍ 19.1 ശതമാനമായി ഉയർന്നു. ഇതില്‍ 40.5 ശതമാനം പെണ്‍കുട്ടികളും ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്പും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമാണ് തെരഞ്ഞെടുക്കുന്നത്.
കൂടാതെ കുടിയേറ്റക്കാരായ സ്ത്രീകളില്‍ 71.5 ശതമാനംപ്പേരും ബിരുദം പൂർത്തിയാക്കിയവരാണ്. 34.7 ശതമാനം ആണ്‍കുട്ടികള്‍ മാത്രമാണ് കുടിയേറുന്നവരില്‍ ബിരുദം പൂർത്തിയാക്കിയവർ. 2018നെ അപേക്ഷിച്ച് കേരളത്തിലെ 14 ജില്ലകളില്‍ ഒമ്പതിലും കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.
വിദേശത്തേയ്ക്ക് കുടിയേറുന്നവരില്‍ വടക്കൻ കേരളത്തില്‍ നിന്നുള്ളവരാണ് മുന്നിലുള്ളത്. ഇതില്‍ ഒന്നാമതുള്ളത് മലപ്പുറം ജില്ലയാണ്. 2023ല്‍ മലപ്പുറം ജില്ലയില്‍ നിന്ന് 3,77,647 പേരാണ് വിദേശത്തേയ്ക്ക് ചേക്കേറിയത്. മതവിഭാഗങ്ങളില്‍ മുസ്ളീം പ്രവാസികളാണ് ഏറ്റവും കൂടുതല്‍. പ്രവാസികളില്‍ 41.9 ശതമാനം പേരും മുസ്ളീങ്ങളാണ്. 35.2 ശതമാനം പേർ ഹിന്ദുക്കളും 22.3 ശതമാനം പേരുമാണ് ക്രിസ്ത്യാനികള്‍.
ആഗോള പ്രവാസി മലയാളികളുടെ എണ്ണം അഞ്ച് ദശലക്ഷമായി ഉയർന്നു. കേരത്തിലേയ്ക്കുള്ള വിദേശ പണമൊഴുക്ക് 154.9 ശതമാനമായി റെക്കാഡ് ഉയരത്തിലെത്തി. നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 2018ല്‍ 1.2 ദശലക്ഷമായിരുന്നത് 1.8 ദശലക്ഷമായി ഉയർന്നു.
കൊവിഡ് മൂലമുണ്ടായ തൊഴില്‍നഷ്ടം കാരണമാണ് മിക്കവാറും പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നതെന്ന് സർവേയില്‍ ചൂണ്ടിക്കാട്ടുന്നു. സർവേയില്‍ പങ്കെടുത്തവരില്‍ ഏകദേശം 18.4 ശതമാനം പേർ ജോലി നഷ്ടപ്പെട്ടതായി വ്യക്തമാക്കുന്നു. 13.8 ശതമാനം പേർ കുറഞ്ഞ വേതനം, 7.5 ശതമാനം മോശം തൊഴില്‍ സാഹചര്യങ്ങള്‍, 11.2 ശതമാനം പേർ രോഗം അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം (16.1ശതമാനം), ഗൃഹാതുരത്വം (10.2ശതമാനം), വിരമിക്കല്‍ (12.1ശതമാനം) എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങള്‍. കേരളത്തിലെ യുവാക്കള്‍ക്ക് ഗള്‍ഫ് ആകർഷകമായ സ്ഥലമല്ലാതായി മാറിയെന്ന് സർവേയില്‍ വ്യക്തമാക്കുന്നു. 1970കളിലെ എണ്ണ ഉത്‌പാദനത്തിന്റെ കുതിച്ചുചാട്ടത്തിന് പിന്നാലെ ധാരാളം മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു.
70 കളിലും 80 കളിലും അവിടെ സ്ഥിരതാമസമാക്കിയവർ തങ്ങളുടെ മക്കള്‍ യൂറോപ്പിലേക്കോ കാനഡയിലേക്കോ യുഎസിലേക്കോ കുടിയേറിയതിന് പിന്നാലെ കേരളത്തിലേയ്ക്ക് തന്നെ തിരിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്.
കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലെ മിക്കവാറും കമ്പനികളും മുൻകാലങ്ങളില്‍ അധികമായി നിയമനങ്ങള്‍ നടത്തിയതിനാല്‍ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകാത്ത നിലയിലാണ്. മാത്രമല്ല, അമേരിക്കൻ, യൂറോപ്യൻ സർവ്വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസവും പരിശീലനവും നേടിയ അറബ് യുവാക്കള്‍ ബാങ്കിംഗ്, ഐടി, ഹെല്‍ത്ത് കെയർ, ഹോസ്പിറ്റാലിറ്റി മേഖലകള്‍ കയ്യടക്കുന്നതും ഇന്ത്യൻ യുവാക്കള്‍ക്ക് തിരിച്ചടിയാവുന്നു.