
“മാണിസം”… അധ്വാനവര്‍ഗസിദ്ധാന്തമെഴുതിയ കെ.എം. മാണിയുടെ ആശയങ്ങളെ തത്ത്വശാസ്ത്രമായി പ്രഖ്യാപിക്കും; കോട്ടയത്ത് യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവ് ഇതിന്റെ തുടക്കമാണെന്ന് കേരള കോണ്‍ഗ്രസ് എം
കോട്ടയം: മധ്യവര്‍ഗത്തെയും കര്‍ഷകരെയും പ്രതിനിധാനംചെയ്യുന്ന അധ്വാനവര്‍ഗസിദ്ധാന്തമെഴുതിയ കെ.എം. മാണിയുടെ ആശയങ്ങളെ, മാണിസമെന്ന പേരില്‍ കേരള കോണ്‍ഗ്രസ് എം തത്ത്വശാസ്ത്രമായി പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍.
ഇതിന്റെ കേളികൊട്ടാണ് കോട്ടയത്ത് യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവ്. കര്‍ഷകരുടെയും മധ്യവര്‍ഗത്തിന്റെയും പാര്‍ട്ടി എന്ന നിലയില്‍, കേരളത്തിലെ ഭൂരിഭാഗത്തിന്റെയും ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് അധ്വാനവര്‍ഗസിദ്ധാന്തം എന്നും നേതാക്കള്‍ പറയുന്നു.
ഇപ്പോള്‍ കേരളം ചര്‍ച്ചചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് എന്ന സംരംഭകത്വവികസനത്തെപ്പറ്റി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കെ.എം. മാണി പരാമര്‍ശിച്ചിട്ടുണ്ട്. തന്റെ ബജറ്റുകളില്‍ സാധാരണക്കാരായ യുവാക്കളുടെ വികസനസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം തുകനീക്കിവെച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടുതന്നെ മാണിസം എന്നത് കേരളത്തിന്റെ വികസനപ്രത്യയശാസ്ത്രം ആണെന്നും നേതാക്കള്‍ പറയുന്നു. കോട്ടയത്തെ കെ.സി. മാമ്മന്‍മാപ്പിള ഹാളില്‍ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ പതാക ഉയര്‍ത്തി. ഇതിന് മുന്നോടിയായി യൂത്ത് ഫ്രണ്ട് എം. നേതാക്കളുടെ നേതൃത്വത്തില്‍, പാലായിലെ കെ.എം. മാണിയുടെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കേരള കോണ്‍ഗ്രസ് എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അലക്സ് കോഴിമല, ഹൈപവര്‍ കമ്മിറ്റി അംഗം വിജി എം.തോമസ്, നേതാക്കളായ സാജന്‍ തൊടുക, ജോജി കുറത്തിയാടന്‍, ഷേയ്ക്ക് അബ്ദുള്ള, ദീപക്ക് മാമ്മന്‍ മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
15-ന് വൈകീട്ട് കെ.എം.മാണി യൂത്ത് ബ്രിഗേഡിന്റെ മാര്‍ച്ച് പാസ്റ്റില്‍ കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ.മാണി അഭിവാദ്യം സ്വീകരിക്കും. മാണിസം യൂത്ത് കോണ്‍ക്ലേവ് അദ്ദേഹം ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷതവഹിക്കും.