play-sharp-fill
കേരളത്തിന്റെ കാർഷികമേഖലയ്ക്ക് പുനരുദ്ധാരണ പാക്കേജ് നൽകണം ; കെ.എം.മാണി

കേരളത്തിന്റെ കാർഷികമേഖലയ്ക്ക് പുനരുദ്ധാരണ പാക്കേജ് നൽകണം ; കെ.എം.മാണി

സ്വന്തം ലേഖകൻ

കോട്ടയം: കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് അടിയന്തിരമായി പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു. അവസാനകണക്ക് ലഭ്യമായ 2017ൽ കേരളത്തിലെ കൃഷിയുടെയും അനുബന്ധ മേഖലകളുടെയും പങ്ക് സംസ്ഥാന വാർഷിക വരുമാനത്തിന്റെ കേവലം 10.58 ശതമാനമായിരുന്നു. എന്നാൽ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാകട്ടെ സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 49 ശതമാനമാണ്. ഇതിനർത്ഥം സംസ്ഥാന വാർഷിക വരുമാനത്തിന്റെ 10.58 ശതമാനം മാത്രമാണ് 49 ശതമാനം വരുന്ന കർഷകർക്കും അനുബന്ധമേഖലകളായ മൃഗസംരക്ഷണ-മത്സ്യമേഖലകൾക്കും ലഭിക്കുന്നതെന്നാണ്. കേരളത്തിലെ ശരാശരി കർഷകർ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. സംസ്ഥാനത്തെ കർഷകരിൽ 96.3 ശതമാനവും ഒരു ഹെക്ടറിൽ താഴെ ഭൂമിയുള്ള ചെറുകിടക്കാരാണ്. റബ്ബർ ഉൾപ്പെടെയുള്ള പ്രധാന കാർഷികോത്പ്പന്നങ്ങളുടെ വിലയിടിവ്, വളം, കീടനാശിനി, ജോലിക്കാരുടെ വേതനം എന്നിവയിലെല്ലാം ഉണ്ടായ വർദ്ധനവ്, കാലാവസ്ഥാവ്യതിയാനം മുതലായ കാരണങ്ങളാൽ കൃഷിക്കാർ ക്ലേശിക്കുന്ന പശ്ചാത്തലത്തിലാണ് മഹാപ്രളയത്തിന്റെ പ്രത്യാഘാതം കൂടി അവർ നേരിടേണ്ടി വന്നത്.

ഭാഗികമായോ, പൂർണ്ണമായോ കൃഷി നശിച്ചവർ, കൃഷി ഭൂമി നഷ്ടപ്പെട്ടവർ, വളർത്ത് മൃഗങ്ങൾ നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തവർ എന്നിങ്ങനെ മഹാപ്രളയം മൂലം ഏതെങ്കിലും വിധത്തിൽ നഷ്ടമുണ്ടാകാത്ത കർഷകരില്ല. വായ്പ്പയെടുത്തു കൃഷി ചെയ്തവർ തിരിച്ചടയ്ക്കാനാവാതെ കടുത്ത ബാദ്ധ്യതയിലാണ്. കേരളത്തിലെ കർഷകർ പരിതാപകരമായ അവസ്ഥയിലാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും ആശ്വാസനടപടികളൊന്നും ഉണ്ടാകുന്നില്ല. ഇത് പരിഹരിക്കാത്ത പക്ഷം സംസ്ഥാനത്തെ കർഷകർ കരകയറാനാവാത്ത വിധം പ്രതിസന്ധിയിലാകുമെന്നും അതിനാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി കാർഷിക മേഖലയ്ക്കു പ്രളയാനന്തര പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group