മമ്മൂട്ടി, തോമസ് ഐസക്ക്: പാലായിൽ കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായ കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മമ്മൂട്ടിയും, രഞ്ജ പണിക്കരും , ധനകാര്യമന്ത്രി തോമസ് ഐസക്കും, കേരള കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണപിള്ളയും അടക്കമുള്ള വിഐപികളും സാധാരണക്കാരും അടക്കം പതിനായിരങ്ങളാണ് പാലായിലെ കെ.എം മാണിയുടെ വസതിയിലേയ്ക്ക് ഒഴുകിയെത്തിയത്.
മുൻ നിശ്ചയിച്ചതിലും പന്ത്രണ്ട് മണിക്കൂറെങ്കിലും വൈകി വ്യാഴാഴ്ച പുലർച്ചെ മാത്രമാണ് കെ.എം മാണിയുടെ ഭൗതിക ദേഹം കോട്ടയത്തെ പൊതുദർശനം അവസാനിപ്പിച്ച് പാലായിലെ വീട്ടിലേയ്ക്ക് എത്തിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ വരെ പാലാക്കാർ കെ.എം മാണിയുടെ വസതിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും, അന്തിമ ഉപചാരം അർപ്പിക്കാനുമായിരുന്നു ആ സാധാരണക്കാരുടെ കാത്തു നിൽപ്പ്. രാവിലെ മുതൽ തന്നെ കെ.എം മാണിയുടെ വസതിയിലേയ്ക്ക് ആളുകളുടെ ഒഴുക്കായിരുന്നു. തുടർന്ന്
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും മൃതദേഹം പുറത്തിറക്കി, വിലാപയാത്ര ആരംഭിക്കണമെന്ന തീരുമാനം വൈകി പത്തു മണിയ്ക്കാണ് ആരംഭിക്കാനായത്. കെ.എം മാണി സാറിനെ അവസാനമായി ഒരു നോക്കു കാണാൻ കേരള രാഷ്ട്രീയത്തെ അടുത്തറിയുന്ന നൂറുകണക്കിന് ആളുകളാണ് ലേക്ക് ഷോർ ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തിയത്. ഇവിടെ നിന്നും പ്രത്യേകം തയ്യാറാക്കിയ കെ.എസ്ആർടിസി ബസിലായിരുന്നു വിലാപ യാത്ര. ഓരോ ജംഗ്ഷനിലും വീട്ടമ്മമാരും, കുട്ടികളും അടക്കമുള്ളവർ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ കാത്തു നിന്നു. മുൻ നിശ്ചയിച്ചതിൽ നിന്നു വ്യത്യസ്തമായി പല സ്ഥലത്തും വാഹനം നിർത്തി പൊതുദർശനം ക്രമീകരിക്കേണ്ടി വന്നു. ഇതോടെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കോട്ടയത്ത് എത്തിച്ചേരുമെന്നു പ്രതീക്ഷിച്ചിരുന്ന വിലാപ യാത്ര രാത്രി രണ്ടരയോടെയാണ് എത്തിച്ചേർന്നത്. തുടർന്ന് തിരുനക്കരയിലും പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. ഇവിടെ നിന്ന് മണർകാട്, അയർക്കുന്നം വഴി മൃതദേഹം ഇദ്ദേഹത്തിന്റെ ജന്മനാട്ടിൽ എത്തിച്ചു. ഇവിടെ പതിനായിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ കാത്തിരുന്നത്. തുടർന്ന് പുലർച്ചെയോടെ പാലായിലെ വസതിയൽ മൃതദേഹം എത്തിച്ചു.
കെ.എം മാണിയുടെ മൃതദേഹത്തിൽ തിരുനക്കരയിൽ എത്തി അന്തിമോപചാരം അർപ്പിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അ്ടക്കമുള്ള മുതിർന്ന നേതാക്കളുടെ തീരുമാനം. എന്നാൽ, വിലാപയാത്ര കോട്ടയത്ത് എത്താൻ വൈകിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിയിൽ എത്തി മൃതദേഹത്തിൽ അന്തിമഉപചാരം അർപ്പിച്ചു. കടുത്തുരുത്തി സ്‌കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇദ്ദേഹം, ഇവിടെ നിന്നും കാർ മാർഗം ആപ്പാഞ്ചിറയിൽ എത്തിയാണ് മൃതദേഹത്തിൽ അന്തിമ ഉപചാരം അർപ്പിച്ച് മടങ്ങിയത്. ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, രവീന്ദ്രനാഥ്, കെ.രാജു, വി.എസ് സുനിൽകുമാർ, കെ..കൃഷ്ണൻകുട്ടി, എ.കെ ബാലൻ, കോൺഗ്രസ് നേതാവ് പി.സി ചാക്കോ, യാക്കോബായ സഭയുടെ ജോസഫ് മാർ ഗ്രിഗോറിയോസ്, സിഎസ്ഐ കൊല്ലം സഭയുടെ ബിഷപ്പ് ഉമ്മൻ ജോർജ്, ദേശാഭിമാനിയ്ക്ക് വേണ്ടി കെ.ജെ തോമസ്, കോവൂർ കുഞ്ഞുമോൻ എംഎൽഎ, വ്യവാസായി എം.എ യൂസഫലിയ്ക്ക് വേണ്ടി കമ്പനി പ്രതിനിധി എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. തേർഡ് ഐ ന്യൂസ് ലൈവിനു വേണ്ടി മാനേജിംഗ് ഡയറക്ടറും ന്യൂസ് എഡിറ്ററുമായ എ.കെ ശ്രീകുമാർ തിരുനക്കരയിൽ റീത്ത് സമർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലാപയാത്രയിൽ വാഹനത്തിനുള്ളിൽ ആദ്യാവസാനം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ.മാണി , എംഎൽഎമാരായ റോഷി അഗസ്റ്റിൻ , മോൻസ് ജോസഫ്, എൻ.ജയരാജ്, അനൂപ് ജേക്കബ്, കേരള കോൺഗ്രസ് എം നേതാക്കളായ ജോയി എബ്രഹാം , തോമസ് ഉണ്ണിയാടൻ, യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, സണ്ണി തെക്കേടം, വിജി എം.തോമസ്, ജോബ് മൈക്കിൾ, സജി മഞ്ഞക്കടമ്പൻ, പി.ടി മൈക്കിൾ, ജെയിംസ് തെക്കനാട്, സിറിയക് ചാഴികാടൻ, ഗൺമാൻമാരായ ബാബു, രാജൻ, സെക്രട്ടറിമാരായ സിബി പുത്തേട്ട്, ഔസേപ്പച്ചൻ തുടങ്ങിയവർ ആദ്യാവസാനം വിലാപയാത്രയിൽ വാഹനത്തിലുണ്ടായിരുന്നു.
ഏപ്രിൽ 11 ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പാലായിലെ വസതിയിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വീട്ടിൽ നടക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജേക്കബ് മുരിയ്ക്കൻ തുടങ്ങിയവർ സഹ കാർമ്മികത്വം വഹിക്കും. രണ്ടരയോടെ വീട്ടിൽ നിന്നും പള്ളിയിലേയ്ക്ക് വിലാപ യാത്ര ആരംഭിക്കും. കൊട്ടാരമറ്റം, വലിയ പാലം വഴി പാലാ കത്തീഡ്രൽ പള്ളിയിൽ വിലാപയാത്ര എത്തിച്ചേരും. തുടർന്ന് കർദിനാൾ ക്ലിമ്മീൻ മാർ ബസേലിയോസ് തിരുമേനി പാലാ കത്തീഡ്രൽ പള്ളിയിലെ സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. തുടർന്ന് അനുശോചന യോഗം ചേരും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.