ആത്യന്തികമായി സത്യം ജയിക്കും; കെ.എം.മാണി
സ്വന്തം ലേഖകൻ
കോട്ടയം: സത്യം ആത്യന്തികമായി ജയിക്കുമെന്ന് മുൻ ധനമന്ത്രി കെ.എം. മാണി. വിജിലൻസ് കോടതി ഉത്തരവിൽ ഒരു തരത്തിലുള്ള ആശങ്കയും വൈഷമ്യവുമില്ല. യു ഡി എഫ് സർക്കാരിന്റെ കാലത്തും എൽ ഡി എഫ് സർക്കാരിന്റെ കാലത്തും മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് ചെയ്ത കേസാണ് ഇത്. നാനൂറോളം സാക്ഷികളെ നേരിൽ കണ്ട് ചോദിച്ചാണ് വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഞാൻ മനസിലാക്കുന്നു. ബാറുകൾ തുറക്കാനോ പൂട്ടാനോ ഞാൻ ഇടപെട്ടില്ല. ധനമന്ത്രിക്ക് അതിൽ ഒരു കാര്യവുമില്ല. സർക്കാരിന്റെ മദ്യനയം തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. ഞാൻ ഇക്കാര്യത്തിൽ എന്റെ മന:സാക്ഷിയെ മുൻനിർത്തി ഒരു തെറ്റും ചെയ്തിട്ടില്ല. മുമ്പ് നടന്ന എല്ലാ അന്വേഷണങ്ങളെയും ഞാൻ സ്വാഗതം ചെയ്തിട്ടുണ്ട്. അതു പോലെ ഇപ്പോഴത്തെ ഉത്തരവിനെയും സ്വാഗതം ചെയ്യുന്നു. ഒടുവിൽ സത്യം ജയിക്കുക തന്നെ ചെയ്യും – കെ.എം.മാണി പറഞ്ഞു.