video
play-sharp-fill

പാർട്ടി ചെയർമാനായി ജോസ് കെ.മാണിയുടെ വഴി തെളിക്കാൻ പിളർപ്പ്: ഉടക്കിയ ജോസഫ് പോയാൽ പോകട്ടെ എന്ന് മാണി; ജോസഫിനെ പുറത്താക്കുന്നത് പരമാവധി അപമാനിച്ച്

പാർട്ടി ചെയർമാനായി ജോസ് കെ.മാണിയുടെ വഴി തെളിക്കാൻ പിളർപ്പ്: ഉടക്കിയ ജോസഫ് പോയാൽ പോകട്ടെ എന്ന് മാണി; ജോസഫിനെ പുറത്താക്കുന്നത് പരമാവധി അപമാനിച്ച്

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ കേരള കോൺഗ്രസ് കാത്തിരിക്കുന്നത് മറ്റൊരു പിളർപ്പ്. തികച്ചും പ്രതീക്ഷിതമായ പിളർപ്പിലൂടെ കേരള കോൺഗ്രസ് മാണി വിഭാഗം ലക്ഷ്യമിടുന്നത് പാർട്ടി ചെയർമാൻ സ്ഥാനത്തേയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാപക നേതാവായ കെ.എം മാണിയുടെ മകനും എം.പിയുമായ ജോസ് കെ.മാണിയെ എത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് പാർട്ടിയുമായി ഏറ്റവും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ജോസ് കെ.മാണിയുടെ ചെയർമാൻ സ്ഥാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി നിന്നിരുന്ന പി.ജെ ജോസഫിനെ പുറത്താക്കുക എന്നത് മാത്രമായിരുന്നു പാർട്ടിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി.
പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ ആരംഭിച്ച ചർച്ചകളിൽ പി.ജെ ജോസഫ് തനിക്ക് സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു. യുഡിഎഫിനോട് രണ്ടു സീറ്റ് ആവശ്യപ്പെടണമെന്നും അതിൽ ഒരു സീറ്റ് തന്റെ വിഭാഗത്തിനു നൽകണമെന്നുമായിരുന്നു ജോസഫിന്റെ പ്രധാന ആവശ്യം. ഇത് കേന്ദ്രീകരിച്ചായിരുന്നു ജോസഫ് വിഭാഗം പാർട്ടിയിൽ പിടിമുറുക്കിയിരുന്നത്. എന്നാൽ, രണ്ടു സീറ്റ് എന്ന ജോസഫിന്റെ ആവശ്യം യുഡിഎഫിൽ ഉന്നയിക്കുമ്പോഴും, മാണി വിഭാഗം കാര്യമായ സമ്മർദം ഉയർത്തിയിരുന്നുമില്ല.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ചേർന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പി.ജെ ജോസഫ് തനിക്ക് മത്സരിക്കണമെന്ന ആവശ്യം ഉയർത്തിയപ്പോൾ കാര്യമായ പിൻതുണ പോലും ലഭിച്ചില്ല. ഇതു മാത്രമല്ല, പാർട്ടിയുടെ വർക്കിംഗ് ചെയർമാനെ അപമാനിക്കുന്ന രീതിയിലാണ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ കാര്യങ്ങൾ മുന്നോട്ടു പോയത്. അതിരൂക്ഷമായ വിമർശനമാണ് ജോസഫിന് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് ജോസഫ് പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാട് മാണി വിഭാഗം സ്വീകരിച്ചത്.
പാർട്ടിയിൽ രാജ്യസഭാ എം.പി സ്ഥാനവും, മറ്റ് എല്ലാ സ്ഥാനങ്ങളും മാണി വിഭാഗം വീതം വച്ചെടുക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ ജോസഫിനുണ്ടായിരുന്നു. ജോസ് കെ.മാണിയുടെ ഭാര്യ നിഷയെ പാർലമെന്റിൽ സ്ഥാനാർത്ഥിയാക്കാൻ മാണി വിഭാഗത്തിന് ആലോചനയുണ്ടായിരുന്നു. ഇതു കൂടാതെ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ജോസ് കെ.മാണിയ്ക്ക് പാർട്ടി ചെയർമാൻ സ്ഥാനം കൈമാറാനും കെ.എം മാണി ആലോചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പി.ജെ ജോസഫ് എതിർപ്പ് ഉയർത്തിയത്. ജോസ് കെ.മാണിയെ പാർട്ടി ചെയർമാൻ ആക്കിയാൽ, പാർട്ടി പിളർത്താനായിരുന്നു ജോസഫിന്റെ തീരുമാനം. ഇത് മുൻ കൂട്ടി കണ്ട് കെ.എം മാണി പാർലമെന്റ് സീറ്റിന്റെ പേരിൽ ജോസഫിന് പുറത്തേയ്ക്കുള്ള വഴി കാട്ടുകയായിരുന്നു. ഇതോടെ ജോസ് കെ.മാണിയ്ക്ക് പാർട്ടി ചെയർമാനാകാനുള്ള വഴി തെളിയുകയും ചെയ്തു. കെ.എം മാണി പാർട്ടി ലീഡറും, ജോസ് കെ.മാണി പാർട്ടി ചെയർമാനും ആയുള്ള തീരുമാനം അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വരും.