
കല്ലടയുടെ ഗുണ്ടായിസം യുവാക്കളോട്: ബസ് ബ്രേക്ക് ഡൗൺ ആയത് ചോദ്യം ചെയ്തവരെ ബസ് ജീവനക്കാരും ഗുണ്ടാ സംഘവും ചേർന്ന് തല്ലിച്ചതച്ചു: അടിയേറ്റ യുവാക്കൾ ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബംഗളുരു അടക്കമുള്ള അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലട ട്രാവൽസിനെതിരെ ഗുരുതര ആരോപണവുമായി ഫെയ്സ് ബുക്ക് പോസ്റ്റ്.
വണ്ടി ബ്രേക്ക് ഡൗൺ ആയത് ചോദ്യം ചെയ്ത യുവാക്കളെ ബസിനുള്ളിൽ ഇട്ട് തല്ലിച്ചതയ്ക്കുന്ന വീഡിയോ അടക്കമാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അമിത വേഗത്തിന്റെ പേരിൽ നിരവധി തവണ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയെങ്കിലും പണത്തിന്റെയും സ്വാധീനത്തിന്റെയും എല്ലാ കേസിൽ നിന്നും തലയുരുകയാണ് കല്ലട സംഘം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈസ്റ്റർ ദിനത്തിൽ അര്‍ദ്ധ രാത്രി 12 മണിക്ക് ഹരിപ്പാട്ട് നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാന്‍ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസില്‍ കയറിയ ജേക്കബ് ഫിലിപ്പാണ് സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഗുണാടയിസവും ക്രൂരതയും വീഡിയോ സഹിതം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹരിപ്പാട്ടു നിന്നും യാത്ര തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ ബസ് ബ്രേക്ക് ഡൗണ്‍ ആകുകയും എന്നാല്‍ മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് പകരം യാത്രാ സംവിധാനം ഒരുക്കാതെ റോഡരുകില്‍ നിര്‍ത്തിയത് ചോദ്യം ചെയ്യുകയും ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയാണ് ജേക്കബ് ഫിലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഈസ്റ്റർ ദിനമായ ഞായറാഴ്ച വെളുപ്പിന് 12 മണിക്കാണ് കല്ലട സുരേഷ് ഗ്രൂപ്പിന്റെ ബസില്‍ ബാംഗ്ലൂരിലേക്ക് പോകുവാന്‍ ജേക്കബ് ഫിലിപ്പ് കയറുന്നത്. പത്ത് മിനിറ്റിനകം സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗണ്‍ ആകുകയായിരുന്നു. എല്ലാ യാത്രക്കാരെയും വാഹനത്തില്‍ നിന്നും വെളിയിലിറക്കിയ ജീവനക്കാര്‍ എന്നാല്‍ കൃത്യമായ ഉത്തരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളോ അറിയിപ്പുകളോ നല്‍കുന്നതിനും ഡ്രൈവര്‍ തയ്യാറായില്ല. ബസ് നന്നാക്കാന്‍ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി.
താന്‍ രണ്ടു തവണ റെഡ് ബസില്‍ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതി റെക്കോഡ് ചെയ്തതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ലെന്നും ജേക്കബ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. യാത്രക്കാര്‍ ദേശീയ പാതയോരത്ത് ഇരുട്ടില്‍ തന്നെ നില്‍ക്കുകയും ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കാതാകുകയും ചെയ്തതോടെ രണ്ട് ചെറുപ്പക്കാര്‍ ഡ്രൈവറോട് കയര്‍ത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ഡ്രൈവറുടെ ഫോണില്‍ കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസില്‍ ഈ ചെറുപ്പക്കാര്‍ വിളിച്ചു.
എന്നാല്‍ ഇരു വശത്തു നിന്നും പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പൊലീസ് ഡ്രൈവറോട് യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പൊലീസും പോയി. വീണ്ടും മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് പകരം ബസെത്തി ഇവര്‍ യാത്ര തുടരുന്നത്.
പുതിയതായി എത്തിയ ബസില്‍ യാത്ര തുടരവേ ബസില്‍ എല്ലാവരും ഉറക്കമായിരുന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം വലിയ ഒച്ച കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും അപ്പോള്‍ കണ്ടത് ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലഞ്ച് പേര്‍ ചേര്‍ന്ന് നേരത്തേ ബസ് ഡ്രൈവറോട് ചൂടാകുകയും വൈറ്റിലയുള്ള കല്ലട ട്രാവല്‍സിന്റെ ഓഫീസില്‍ വിളിക്കുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെയും സിനിമ സ്റ്റൈലില്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നും ജേക്കബ് പറയുന്നു.
തുടര്‍ന്ന് ഈ ചെറുപ്പക്കാരെയും വണ്ടിയുടെ മുന്‍ സീറ്റുകളിലുരുന്ന കുറച്ച് ആളുകളെയും ഇവര്‍ ബസില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയെന്നും പോസ്റ്റില്‍ പറയുന്നു. രണ്ടാമത്തെ ബസിനെ പിന്‍തുടര്‍ന്നെത്തിയ ആദ്യ ബസിന്റെ ഡ്രൈവറും കൂട്ടരുമാണ് ബസില്‍ കയറി ഈ അതിക്രമം കാട്ടിയത്. ചെറുപ്പക്കാരെ മൃഗീയമായി മര്‍ദ്ദിക്കുന്ന വീഡിയോയും ജേക്കബ് ഫിലിപ്പ് ഫേസ്‌ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ബസിലെ യാത്രക്കാര്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നും പിടിച്ചിറക്കിക്കൊണ്ടു പോയ ആളുകളെ രക്ഷിക്കാന്‍ എത്രയും പെട്ടെന്ന് പൊലീസ് ഇടപെടണമെന്നും ജേക്കബ് ആവശ്യപ്പെടുന്നു. സുരേഷ് കല്ലടയുടെ മണി പവ്വറിന്റെ തെളിവാണ് ഈ വീഡിയോയെന്നും പോസ്റ്റില്‍ ജേക്കബ് പറയുന്നുണ്ട്.