സെഞ്ചുറി പൂര്‍ത്തിയാക്കി കെ എല്‍ രാഹുല്‍; അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്, ഗില്‍ മടങ്ങി

Spread the love

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിന് സെഞ്ചുറി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 190 പന്തിലാണ് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രാഹുലിന്റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 218 റണ്‍സെടുത്തിട്ടുണ്ട്. രാഹുലിനൊപ്പം ധ്രുവ് ജുറല്‍ (14) ക്രീസിലുണ്ട്. ഇപ്പോള്‍ 56 റണ്‍സ് ലീഡായി ഇന്ത്യക്ക്. ഇന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (50) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് 32 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഗില്‍ മടങ്ങി. രാഹുലിനൊപ്പം 98 റണ്‍സ് ചേര്‍ക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനായിരുന്നു ക്യാച്ച്. ശേഷം, രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ടെസ്റ്റ് കരിയറില്‍ 11-ാം സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. ഇന്ത്യയില്‍ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയും. നേരത്തെ, നല്ല തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്സ്വാള്‍ (36) രാഹുല്‍ സഖ്യം 68 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ജയ്സ്വാളിനെ വീഴ്ത്താന്‍ വിന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സിന് സാധിച്ചു. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ സായ് സുദര്‍ശന് (7) തിളങ്ങാനായില്ല. 19 പന്തുകള്‍ നേരിട്ട സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ഒന്നാം ഗില്‍ – രാഹുല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.

നേരത്തെ, സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. 20 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. റണ്‍സെടുക്കും മുമ്പ് ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, സിറാജിന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പിന്നാലെ ജോണ്‍ ക്യാംപെലും (8) മടങ്ങി. ഇത്തവണ ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ജുറലിന് ക്യാച്ച്. തൊട്ടുപിന്നാലെ ബ്രന്‍ഡന്‍ കിംഗിനെ (13) സിറാജ് ബൗള്‍ഡാക്കി. അടുത്തത് അലിക് അതനാസെയുടെ (12) ഊഴമായിരുന്നു. സിറാജിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 72 റണ്‍സിനിടെ വിന്‍ഡീസിന് നഷ്ടമായി. ഗ്രീവ്സിന് പുറമെ റോസ്റ്റണ്‍ ചേസ് (24), ഖാരി പിയേരെ (11), ജോമല്‍ വറിക്കന്‍ (8), ജുവാന്‍ ലയ്നെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ അക്‌സര്‍ പട്ടേല്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, എന്‍ ജഗദീശന്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായ ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജും. ഇരു ടീമിന്റെയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക്ക് അത്‌നാസെ, ബ്രാന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.