
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മന്ത്രി സ്ഥലത്ത് എത്തി കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് പറഞ്ഞത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം വൈകിയതും ബിന്ദു മരണപ്പെട്ടതും എന്നാണ് ആരോപണം ഉയരുന്നത്.
ആരോഗ്യമന്ത്രി രാജി വെക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെ പലരും ഉയര്‍ത്തിക്കാട്ടുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യവകുപ്പിന്റെയും അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയുടേയും പ്രവര്‍ത്തന മികവിനെയാണ്. വീണാ ജോര്‍ജിനെ ഒഴിവാക്കി ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് കെകെ ശൈലജയെ തിരികെ കൊണ്ട് വരണം എന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയരുന്നുണ്ട്.
അതിനിടെ കെകെ ശൈലജ മന്ത്രിയായിരുന്ന സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന സരിത ശിവരാമന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. അന്ന് ആരോഗ്യമേഖലയില്‍ പ്രളയവും ചുഴലിക്കാറ്റും അടക്കം നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും ആരോഗ്യപ്രവർത്തകരും അവരെ നയിച്ച മന്ത്രിമാരും ജനപ്രതിനിധികളും തമ്മില്‍ നല്ല കൂട്ടായ്മയാണ് ഉണ്ടായിരുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സരിത ശിവരാമൻ അഭിപ്രായപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സരിത ശിവരാമന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം വായിക്കാം: രക്ഷപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യ വകുപ്പിലെ കർമമേഖലയില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.. അപ്പോഴൊക്കെയും കരുത്തും ആത്മവിശ്വാസവും പകർന്ന് തന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓർത്തുപോകുന്നു കോട്ടയത്തെ സംഭവമറിഞ്ഞപ്പോള്‍ ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയ ദാർഢ്യം തന്നിട്ടുള്ള ഊർജം ചെറുതൊന്നുമല്ല.
പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവൻ പണയം വെച്ച് ഓടിനടന്ന ആരോഗ്യ പ്രവർത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും … വല്ലാത്തൊരു കൂട്ടായ്മയായിരുന്നു അക്കാലത്ത് മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്ഷാപ്രവർത്തനം വൈകി എന്ന വാർത്ത കേട്ടപ്പോള്‍ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ്. മനസ്സിലൊരു നോവായി ബിന്ദു.
അതിനിടെ കോട്ടയത്ത് ഉണ്ടായ ദുരന്തത്തില്‍ കെകെ ശൈലജയും പ്രതികരിച്ചിട്ടുണ്ട്. ” കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നു വീണ് മരണമടഞ്ഞ ബിന്ദുവിൻ്റെ വേർപാടില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. വളരെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന ബിന്ദുവിൻ്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെൻ്റ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ബിന്ദുവിൻ്റെ മകളുടെ ഓപ്പറേഷൻ കൃത്യസമയത്ത് നടത്തുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
എല്‍ഡിഎഫ് ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ തകർന്നു വീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ല്‍ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കിഫ്ബിയില്‍ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം നിർമ്മാണ പ്രവർത്തനന്നിന് തടസ്സം നേരിട്ടെങ്കിലും ഇപ്പോള്‍ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാൻ തീരുമാനിച്ചതിനിടയിലാണ് കെട്ടിടം തകർന്ന് വേദനാജനകമായ അനുഭവമുണ്ടായത്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ മുൻകയ്യെടുത്താണ് കോളേജില്‍ ഇപ്പോള്‍ നടന്നിട്ടുള്ള എല്ലാ വികസനങ്ങളും ഉണ്ടായിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറേയും ആരോഗ്യ വകുപ്പിൻ്റെ നേട്ടങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം.
ബിന്ദുവിൻ്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. ആദരാഞ്ജലികള്‍ അർപ്പിക്കുന്നതോടൊപ്പം അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗവണ്‍മെൻ്റിനോട് അഭ്യർത്ഥിക്കുന്നു”.