
വടകര: വടകരയില്‍ കെ.കെ. രമയ്ക്ക് ഫുട്‌ബോള്‍ ചിഹ്നമില്ല. മറ്റൊരു പാർട്ടിയുടെ ചിഹ്നമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി.
ആർഎംപി സ്ഥിരമായി മത്സരിച്ചുവന്നിരുന്ന ചിഹ്നമാണ് ഫുട്‌ബോള്‍. കഴിഞ്ഞ തവണ മത്സരിച്ചതും ഇതേ ചിഹ്നത്തിലായിരുന്നു. സംഭവത്തിനുപിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും നിയമപരമായി നേരിടുമെന്നും ആർഎംപി അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ആർഎംപിയുടെ സ്ഥാനാർഥികള്‍ മത്സരിച്ചിരുന്നത് ഫുട്‌ബോള്‍ ചിഹ്നത്തിലായിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനും ഇതേ ചിഹ്നം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ ചിഹ്നം അനുവദിക്കാനാവില്ല എന്ന് വരണാധികാരി വ്യക്തമാക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫുട്‌ബോള്‍ ഗോവയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് എന്നും അതുകൊണ്ടുതന്നെ മറ്റ് പാർട്ടികള്‍ക്ക് അനുവദിക്കാനാവില്ല എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിലപാടെടുത്തത്. പകരം ടെലിവിഷൻ ചിഹ്നമാണ് ഇപ്പോള്‍ രമയ്ക്ക് അനുവദിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതെന്ന് ആർഎംപി പ്രവർത്തകർ പറയുന്നു.
‘നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നമാണ് ഫുട്‌ബോള്‍, അത് പ്രകാരം നിയമസഭയിലെ ഒരു പ്രത്യേക ബ്ലോക്ക് ആയാണ് ഞങ്ങളുടെ എംഎല്‍എ മുന്നോട്ടുപോയിരുന്നത്.’ ആർഎപി പ്രവർത്തകർ പറയുന്നു.
2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഈ ചിഹ്നം ആർഎംപിഐ ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചാർട്ടില്‍ നമുക്ക് കാണാൻ കഴിയും. ഞങ്ങള്‍ക്ക് നിരവധി തിരഞ്ഞെടുപ്പുകളില്‍ അനുവദിക്കപ്പെട്ടിരുന്ന ഒരു ചിഹ്നം റദ്ദ് ചെയ്യുമ്പോള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഞങ്ങളെയും കേള്‍ക്കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ ഏകപക്ഷീയമായി ഞങ്ങളുടെ ചിഹ്നം റദ്ദ് ചെയ്തിരിക്കുകയാണ്.’ അവർ ആരോപിച്ചു



