
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി ആര്‍എംപി നേതാവ് കെ.കെ. രമ.
ആര്‍എംപി, യുഡിഎഫിന്റെ ഭാഗമല്ലെന്നും അതുകൊണ്ടുതന്നെ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ.കെ. രമയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. യുഡിഎഫ് നേതാക്കളുമായി ഇത്തരമൊരു കൂടിക്കാഴ്ചയോ ചര്‍ച്ചയോ നടന്നിട്ടില്ല. സ്പീക്കറാകുമെന്ന പ്രചാരണവും വെറും അഭ്യൂഹം മാത്രമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണ യുഡിഎഫ് അധികാരം പിടിക്കുമെന്ന് രമ പ്രവചിച്ചു. 80 മുതല്‍ 90 സീറ്റുകള്‍ വരെ മുന്നണിക്ക് ലഭിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇത്തരം രാഷ്ട്രീയമായ തീരുമാനങ്ങളില്‍ മറുപടി പറയേണ്ടത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണെന്നും അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന് ഭരണസാധ്യത കല്‍പ്പിക്കുന്ന എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. എറണാകുളത്ത് നിന്നൊരാള്‍ (വി.ഡി. സതീശന്) മുഖ്യമന്ത്രിയാകണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രതിപക്ഷത്തെ കരുത്തോടെ നയിച്ച സതീശന് മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷിയാസ് പറഞ്ഞിരുന്നു.
എന്നാല്‍ ഫലം വരുന്നതിന് മുമ്പുള്ള ഇത്തരം ചര്‍ച്ചകള്‍ക്കെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. വി.എം. സുധീരന്, കെ. മുരളീധരന്, എം. ലിജു, കെ. ബാബു തുടങ്ങിയവര്‍ ഷിയാസിന്റെ നിലപാടിനെ തള്ളി. ഇപ്പോള്‍ മുഖ്യമന്ത്രി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് ഇവരുടെ പക്ഷം.



