ഗാനഗന്ധർവൻ വിമാനാപകടങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത് 2 തവണ

Spread the love

കോട്ടയം: വിമാനത്താവളത്തിലെത്താൻ വൈകി ഫ്ലൈറ്റ് നഷ്ട്ടപ്പെട്ട് സ്വയം പഴിക്കുന്നവർ ധാരാളമുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ട് ഗാനഗന്ധർവന്. ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് 2 തവണ വിമാനാപകടങ്ങളിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ്– 1971 ഡിസംബർ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയിൽ തകർന്നുവീണ വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്.

വിമാനത്താവളത്തിലെത്താൻ വൈകിയതിനാൽ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്‌റോ വിമാനം തുടർന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകർന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉൾപ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്. 1978 ഒക്ടോബർ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം.

തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്‌വേ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരിൽ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകൻ വിനോദ്, അന്നത്തെ കൊച്ചുഗായിക സുജാത (ഇന്നത്തെ സുജാത മോഹൻ), സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനഡയിലും ന്യൂയോർക്കിലും സംഗീതപരിപാടികൾ നടത്തിയശേഷം ലണ്ടൻ വഴി ന്യൂഡൽഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തിൽ 6 ഗായകരും ഉണ്ടായിരുന്നു.

ന്യൂയോർക്കിൽനിന്നു പറന്നുയർന്ന് 3 മണിക്കൂർ കഴിഞ്ഞപ്പോഴാണ് വിമാനത്തിലെ ബാഗേജ് സൂക്ഷിക്കുന്ന സ്ഥലത്തു പുക കണ്ടത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലായിരുന്ന വിമാനം പൈലറ്റ് അടിയന്തരമായി മാഞ്ചെസ്റ്ററിൽ ഇറക്കി. വിമാനത്തിലെ ഒരു ബൾബിൽനിന്നുള്ള ചൂടേറ്റ് യേശുദാസിന്റെ ഇലക്ടിക് ഓർഗൻ ഉരുകിയാണു പുക വന്നതെന്ന് പിന്നീടു കണ്ടെത്തി. തീ പടർന്നെങ്കിൽ വൻദുരന്തം ഉണ്ടാകുമായിരുന്നു.