“കൊല്ലുമെന്ന് പറഞ്ഞ് എന്റെ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; ഞങ്ങളുടെ കണ്‍മുന്നില്‍വെച്ച് അവനെ മര്‍ദ്ദിച്ചു; പിടിച്ചു മാറ്റാന്‍ ശ്രമിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു; കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന് വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന് വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്. “കൊല്ലുമെന്ന് പറഞ്ഞ് എന്റെ മകനെ ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളുടെ കണ്‍മുന്നില്‍വെച്ച് അവനെ മര്‍ദ്ദിച്ചു. പിടിച്ചു മാറ്റാന്‍ ശ്രമിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. നിന്റെ അച്ഛനെ ഓര്‍ത്താണ് കൊല്ലാതെ വിടുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സ തേടാന്‍ ശ്രമിച്ചപ്പോഴും ഭീഷണിയുണ്ടായിരുന്നു. കൊല്ലുമെന്ന ഭയം കൊണ്ടാണ് അവനെ ആശുപത്രിയില്‍ വിടാതിരുന്നത്,” ദീപുവിന്റെ പിതാവ് പറഞ്ഞു.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ പുതുക്കുന്നതിനുള്ള ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ എംഎൽഎ പി. വി. ശ്രീനിജന്‍ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ദീപുവിന് മര്‍ദനേറ്റത്. മർദ്ദനമേറ്റ് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ചയാണ് ദീപുവിന്റെ മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോട്ടിയിലേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ദീപുവിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പുറകിൽ രണ്ടിടത്താണ് ക്ഷതമേറ്റിട്ടുള്ളത്. തലച്ചോറില്‍ രക്തം കട്ടപിടച്ചതും കരള്‍ രോഗവും ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രതികൂലമായി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായത് കരള്‍ രോഗത്തെ തുടര്‍ന്നാണെന്നുമാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ സിപിഎം കാവുങ്ങല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍ (36), പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം (27), നെടുങ്ങാടന്‍ ബഷീര്‍ (36), വലിയപറമ്പില്‍ അസീസ് (42) എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.