പതിയിരിക്കുന്നത് വലിയ അപകടങ്ങൾ; അടുക്കളയിലെ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കാം ഈ 9 കാര്യങ്ങൾ

Spread the love

നമ്മളിൽ പലർക്കും വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി അടുക്കളയാണ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം പതിയിരിക്കുന്ന ഇടംകൂടിയാണ് അടുക്കള.

video
play-sharp-fill

തീയും ഗ്യാസും തിളച്ച വെള്ളവും മൂർച്ചയേറിയ കത്തിയും ചിരവയും ഇലക്ട്രോണിക് ഉപകരണങ്ങളും എന്നിങ്ങനെ എല്ലാം തന്നെ ഒരു നിമിഷത്തെ അശ്രദ്ധയിൽ അപകടത്തിലേക്ക് നയിച്ചേക്കാം. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കി അടുക്കള സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന ചില മാർഗങ്ങൾ പരിചയപ്പെടാം.

  • അടുക്കളയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും സർവീസ് ചെയ്യുകയും വേണം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വയറുകളും പ്ലഗ്ഗുകളും തകരാറുകൾ ഇല്ല എന്ന് ഉറപ്പുവരുത്തുക. വൈദ്യുതി ഉപകരണങ്ങളിലും സ്വിച്ചിലുമൊന്നും നനഞ്ഞ കൈ ഉപയോഗിച്ച് തൊടാതിരിക്കുക.
  • വൈദ്യുത ഉപകരണങ്ങൾക്ക് ചെറിയ തകരാറുകൾ മാത്രമേ ഉള്ളൂവെങ്കിൽ അവ സാധാരണ പോലെ ഉപയോഗിക്കാം എന്ന് കരുതരുത്. തകരാറുകൾ എത്ര നിസ്സാരമാണെങ്കിലും അത് പരിഹരിച്ച ശേഷം മാത്രം ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.
  • പിടിയുള്ള തരം പാത്രങ്ങളും പാനുകളും സ്റ്റൗവിലോ സ്ലാബിലോ വയ്ക്കുമ്പോൾ പിടിയുള്ള ഭാഗം എതിർദിശയിലേക്ക് തിരിച്ചു വയ്ക്കുക. പ്രത്യേകിച്ച് ചെറിയ കുട്ടികൾ വീട്ടിലുണ്ടെങ്കിൽ, അവർ ഇത്തരം കാര്യങ്ങൾ കയ്യെത്തി പിടിക്കാൻ ശ്രമിക്കുകയും പാത്രം മറിഞ്ഞു അപകടത്തിൽ കലാശിക്കുകയും ചെയ്യാം.
  • അടുക്കളയിൽ കയറുമ്പോൾ ഒരുപാട് അയവുള്ളതും കൈപ്പത്തി വരെ ഇറക്കമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. നീളമുള്ള മുടിയുള്ളവർ അത് കെട്ടി വച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. സ്റ്റൗവിൽ നിന്നും അബദ്ധത്തിൽ തീ പടർന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
  • ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ കാർബൺ മോണോക്സൈഡ് തങ്ങിനിൽക്കാൻ സാധ്യത ഏറെയായതിനാൽ അടുക്കളയിൽ സുഗമമായ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം.
  • കുട്ടികളോ വളർത്തു മൃഗങ്ങളോ വീട്ടിലുണ്ടെങ്കിൽ അടുക്കളയിലെ വൈദ്യുത ഉപകരണങ്ങളുടെ വയറുകളും കേബിളുകളും ഉപയോഗശേഷം ഒതുക്കി വയ്ക്കുക. പ്ലഗ് പോയിന്റുകളിൽ പ്രൊട്ടക്റ്റിങ് കവറുകൾ ഉപയോഗിക്കുകയും കബോർഡുകൾ കുട്ടികൾക്ക് തുറക്കാനാവാത്ത വിധം ലോക്ക് ചെയ്യുകയും ചെയ്യുക.
  • ഭക്ഷണം പാകം ചെയ്ത ഉടൻതന്നെ അതേചൂടോടെ പാത്രങ്ങൾ സ്റ്റൗവിൽ നിന്നും ഉയർത്തുന്നത് അപകടകരമായേക്കാം.
  • കൊതുകുതിരികളോ പ്രാണി ശല്യം ഒഴിവാക്കാനുള്ള മരുന്നുകളോ ഒന്നും ഒരു കാരണവശാലും സ്റ്റൗവിന് സമീപത്ത് വയ്ക്കരുത്.
  • അടുക്കളയിലെ മറ്റ് പാത്രങ്ങൾ പോലെ കറിക്കത്തികളും ഉപയോഗശേഷം കഴുകി സൂക്ഷിക്കുക. പച്ചക്കറിയും മാംസവുമൊക്കെ മുറിക്കുമ്പോൾ അവയിലെ അഴുക്കും അണുക്കളും കത്തിയിൽ പറ്റിക്കൂടാൻ സാധ്യതയുള്ളതുകൊണ്ട് കത്തി കഴുകാൻ ശ്രദ്ധിക്കുക. മത്സ്യമോ മാംസമോ മുറിച്ചശേഷം കത്തി ചെറുചൂടുവെള്ളത്തിൽ കഴുകുന്നത് നന്നായിരിക്കും