
എന്റെ മക്കള്‍ക്ക് സിനിമ കുറഞ്ഞത് കാസ്റ്റിംഗ് കൗച്ചില്‍ നിന്നും രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം – കൃഷ്ണകുമാർ
അഞ്ച് ദിവസമായി ഹേമ കമ്മിറ്റി റിപ്പോർട്ടാണ് സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും പ്രധാന ചർച്ചാ വിഷയം. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും മുമ്ബ് സർക്കാർ നടത്തിയ സെൻസറിങില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.
21 പാരഗ്രാഫുകള്‍ ഒഴിവാക്കാൻ കമ്മീഷൻ നിർദേശിച്ചപ്പോള്‍ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ വെട്ടിയത്. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയത് റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണെന്നാണ് സൂചന.
ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറും പ്രതികരിച്ചു. മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണെന്നാണ് കൃഷ്ണകുമാർ റിപ്പോർട്ടർ ചാനലിനോട് സംസാരിക്കവെ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരുടെയും ജെനുവിനായ അനുഭവങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പകർത്തിയിട്ടുണ്ട്. പകർത്തിയ അനുഭവങ്ങളെല്ലാമുള്ള റിപ്പോർട്ട് നാലര വർഷം പൂഴ്ത്തി വെച്ചിരുന്നു. പിന്നീട് അത് പുറത്ത് വന്നപ്പോള്‍ അഞ്ചിരട്ടിയോളം ഭാഗങ്ങള്‍ സർക്കാർ മൂടിവെച്ചിരിക്കുന്നു. ആരെയാണ് സംരക്ഷിക്കാൻ പോകുന്നത്. ഇതുമായി ബന്ധപ്പെടുത്തി ഒരു കാര്യം പറയാം. കല്‍ക്കട്ടയില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവമുണ്ടായി. കൊലപ്പെടുത്തിയ രീതി പറയാൻ പോലും കഴിയില്ല.
അത്രയ്ക്കും പൈശാചികമായിരുന്നു. അതിന് എതിരെ ഒന്നും ഇവിടെ വലിയൊരു പ്രതികരണം കാണുന്നില്ല. പക്ഷെ സിനിമ മേഖലയിലേത് പുറത്ത് വരുമ്ബോള്‍ പ്രതികരണം വരുന്നുണ്ട്. എന്നാല്‍ പ്രതികരിക്കേണ്ട പലരും നിശബ്ദരാകുന്നു. ആരെങ്കിലും ആക്രമിക്കപ്പെട്ട് കഴിഞ്ഞാല്‍ മതം, രാഷ്ട്രീയമൊക്കെ നോക്കിയാണ് പ്രതികരണം വരുന്നത്.
എന്നാല്‍ നല്ലൊരു റിപ്പോർട്ടാണ് ഇപ്പോള്‍ വന്നിരിക്കുകയാണ്. ജനങ്ങള്‍ പോലും അത് അംഗീകരിച്ച് കഴിഞ്ഞു. സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയാണ്. സിനിമ മേഖലയില്‍ പലതും നടക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ആ സംശയത്തിനെ ഇപ്പോള്‍ ഈ റിപ്പോർട്ടിലൂടെ ക്ലിയറാക്കി കൊടുത്തിരിക്കുന്നു. റിപ്പോർട്ട് വെച്ച് എത്രയും വേഗം സർക്കാർ നടപടിയിലേക്ക് നീങ്ങണം.
അതുപോലെ ഫാസ്റ്റ് കോർട്ട് പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കി കോടതികളുമായി ചേർന്ന് നടപടിയുണ്ടാക്കി ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞാല്‍ സർക്കാരിനും സിനിമ മേഖലയില്‍ നില്‍ക്കുന്നവർക്കും ഒരു നേട്ടമുണ്ടാകും. എത്രയും വേഗം നടപടിയെടുക്കണം. ഒപ്പം ശിക്ഷ നടപടിയും വേണം. എങ്കിലെ ഭയം ഉണ്ടാക്കാൻ പറ്റു.
സിനിമാ മേഖല ഒരു കുത്തഴിഞ്ഞ മേഖലയാണ്. ഞാൻ സിനിമയില്‍ വന്നിട്ട് മുപ്പത്തിയഞ്ചോളം വർഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചില്‍ നിന്നും രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കള്‍ക്ക് സിനിമ കുറവ്.
മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. പവർ ഗ്രൂപ്പെന്നത് ഇപ്പോള്‍ പറയുന്ന വാക്കാണ്. പണ്ട് മുതല്‍ തന്നെ ഇത്തരം ഗ്രൂപ്പുകളുണ്ട്. ലോബികള്‍ എന്നാണ് പറയാറ്. തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി എന്നിങ്ങനെ പോകുന്നു. ഞാൻ ഒരു ലോബിയുടേയും ഭാഗമല്ല. കാരണം ഞാൻ സിനിമയില്‍ ഒരു സക്സസല്ല. പക്ഷെ എല്ലാം വ്യക്തമായി കാണുന്നുണ്ടായിരുന്നു.
എന്നാല്‍ പരാതി പറയാൻ പോലും ഒരു സ്ഥലമില്ല. കഴിഞ്ഞ ഒരു അഞ്ച് കൊല്ലമായാണ് പെണ്‍കുട്ടികള്‍ എന്തെങ്കിലും പുറത്ത് വന്ന് പറഞ്ഞ് തുടങ്ങുന്നത്. അമ്മയില്‍ ഞാനും അംഗമാണ്. അമ്മയ്ക്ക് പരിമിതികളുണ്ട്. അതൊരു കൂട്ടായ്മ മാത്രമാണ്. പക്ഷെ അമ്മ മുൻകയ്യെടുത്ത് സർക്കാരിനോട് പറഞ്ഞ് അന്വേഷണം നടത്തണം. പ്രതികളാരാണെന്ന് സൂചനയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്