സേതുരാമന്റെ പതനത്തിന് സാക്ഷിയായ ആൽമരം ഇപ്പോഴും അവിടെതന്നെയുണ്ട് ; മുപ്പത് വർഷങ്ങൾക്കിപ്പുറവും ലാലേട്ടന്റെ ‘കിരീടം’ ജനഹൃദയങ്ങളിൽ

സേതുരാമന്റെ പതനത്തിന് സാക്ഷിയായ ആൽമരം ഇപ്പോഴും അവിടെതന്നെയുണ്ട് ; മുപ്പത് വർഷങ്ങൾക്കിപ്പുറവും ലാലേട്ടന്റെ ‘കിരീടം’ ജനഹൃദയങ്ങളിൽ

സ്വന്തം ലേഖിക

കാലമേറെയായെങ്കിലും മലയാളികളുടെ മനസിലെ നൊമ്പരമാണ് സിബിമലയിൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം. തലസ്ഥാനത്ത് ചിത്രീകരിച്ച കിരീടം സിനിമയിലെ ലൊക്കേഷനുകൾ ഇപ്പോഴും ആ സിനിമയുമായി ചേർത്താണ് അറിയപ്പെടുന്നത്. കിരീടം സിനിമയിൽ ഇടം പിടിച്ച വെള്ളായണികായലിന് സമീപത്തെ പാലം പിന്നീട് അറിയപ്പെട്ടത് കിരീടം പാലം എന്നാണ്. അടുത്തിടെ പുനർനിർമ്മിച്ച കിരീടം പാലത്തിന് തിലകന്റെ പേര് നൽകിയ ചടങ്ങിൽ സൂപ്പർതാരം മോഹൻലാൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കിരീടം സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ച തലസ്ഥാനത്തെ കാഞ്ഞിരംമൂട് എന്ന സ്ഥലത്തെ ആൽമരമാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. അച്ഛനെ രക്ഷിക്കാനായി കൊലപാതകിയാകേണ്ടിവന്ന സേതുമാധവനായി മോഹൻലാൽ പകർന്നാടിയ ക്ലൈമാക്‌സിൽ എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സീനുണ്ട്. ഈ ആൽമരമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്.

കിരീടം സിനിമ ഇറങ്ങി മുപ്പതാണ്ടുകൾ പിന്നിട്ടിട്ടും, ചുറ്റിലും വികസന പ്രവർത്തനങ്ങൾ പല രൂപമാറ്റങ്ങൾ വരുത്തിയിട്ടും തേടിയെത്തുന്നവർക്ക് തണലൊരുക്കി നിൽക്കുന്ന ആൽമരത്തിന്റെ ചിത്രവും കിരീടവുമായുള്ള ബന്ധവും ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത് അരുവിക്കര എം.എൽ.എ ശബിരീനാഥനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്.മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക് നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.