
മലപ്പുറം: മലപ്പുറത്ത് നിർമാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ഭീമൻ രാജവെമ്പാലയെ പിടികൂടി. കരുളായിക്ക് സമീപം കാരക്കുളത്തെ താമസക്കാരനായ പവിത്രന്റെ പുതിയ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പവിത്രന്റെ ഭാര്യ വീടിനു മുന്നിലിരുന്ന് പാത്രം കഴുകുന്നതിനിടയിലാണ് പാമ്പ് ഇഴഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബഹളം വച്ച് ആളുകളെ കൂട്ടി.
നിർമാണത്തിലിരിക്കുന്ന വീട്ടിലേക്കാണ് രാജവെമ്പാല ഇഴഞ്ഞുകയറിയത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വിദഗ്ദ സംഘമെത്തി പത്തടി നീളമുളള പാമ്പിനെ പിടികൂടുകയുമായിരുന്നു.