തേർഡ് ഐയ്‌ക്കെതിരായ കിംസ് ആശുപത്രിയുടെ പരാതിയുടെ കൊമ്പൊടിഞ്ഞു: കഴമ്പില്ലാത്ത പരാതിയിൽ കൃത്യമായ ഉത്തരമില്ലാതെ കിംസ് അധികൃതർ; രോഗിയ്ക്കു പരാതിയില്ലെന്നു പറഞ്ഞ് തടിതപ്പാനുള്ള നീക്കവും വിലപ്പോയില്ല; യാതൊരു ഒത്തു തീർപ്പിനും വഴങ്ങാതെ തേർഡ് ഐ മാനേജ്മെൻറ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊല്ലുന്ന ബിൽ നൽകി രോഗികളെ ഊറ്റിപ്പിഴിയുന്ന കിംസ് ആശുപത്രി ഗ്രൂപ്പ് തേർഡ് ഐ ന്യൂസ് ലൈവിനെതിരെ നൽകിയ പരാതി കഴമ്പില്ലെന്നു കണ്ടെത്തി പൊലീസ് തള്ളി. പരാതി സ്വീകരിച്ചതായി രസീത് നൽകിയ വെസ്റ്റ് പൊലീസ് കിംസ് മാനേജ്‌മെന്റിനോട് ആവശ്യമെങ്കിൽ മാനനഷ്ടത്തിന് കേസ് നൽകാൻ നിർദേശിച്ചു. തേർഡ് ഐ പ്രസിദ്ധീകരിച്ച ബിൽ തങ്ങളുടെ തന്നെയാണ് എന്നു വ്യക്തമാക്കിയ കിംസ് മാനേജ്‌മെന്റ് , രോഗിയ്ക്കു തേർഡ് ഐയ്‌ക്കെതിരെ പരാതിയുണ്ടെന്ന നിലപാടാണ് ആദ്യം മുതൽ സ്വീകരിച്ചത്.
എന്നാൽ, പൊലീസ് ബന്ധപ്പെട്ടപ്പോൾ രോഗിയ്ക്കു പരാതിയില്ലെന്നു ഇവർ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന അടക്കം തിരിഞ്ഞ് കൊത്തിയതോടെയാണ് കിംസ് മാനേജ്‌മെന്റ് പരാജയപ്പെട്ടത്. തങ്ങൾ പത്ര പ്രസ്താവന ഇറക്കിയിട്ടില്ലെന്നും, കോട്ടയത്തെ മാധ്യമപ്രവർത്തകർക്ക് പ്രസ്താവന അയച്ചു നൽകിയ മുസ്ലീം ലീഗ് നേതാവ് അൻസാരിയെ അറിയില്ലെന്നും കിംസ് ആശുപത്രി ഗ്രൂപ്പ് നിലപാട് എടുത്തു. ഇതോടെ രോഗിയ്ക്കു പരാതി ഉണ്ടെന്ന വാദവും കിംസ് ഗ്രൂപ്പ് പിൻവലിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് തേർഡ് ഐ എഡിറ്റോറിയൽ ടീമിനെയും കിംസ് ആശുപത്രി അധികൃതരെയും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. സാധാരണക്കാരെ കൊറോണക്കാലത്ത് പോലും ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന കിംസ് ഗ്രൂപ്പിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഈ വാർത്തയ്‌ക്കെതിരെയാണ് കഴിഞ്ഞ ദിവസം കിംസ് മാനേജ്‌മെന്റ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതേ തുടർന്നാണ് ശനിയാഴ്ച രണ്ടു കൂട്ടരെയും സ്‌റ്റേഷനിൽ വിളിച്ചു വരുത്തിയത്.
കിംസ് ആശുപത്രിയുടെ ബിൽ തേർഡ് ഐ ന്യൂസ് ലൈവിന് പ്രസിദ്ധീകരിക്കാൻ അവകാശമില്ലെന്നായിരുന്നു കിംസ് ആശുപത്രി അധികൃതർ ആദ്യം ഉയർത്തിയ വാദം. എന്നാൽ, ഈ വാദം പൊളിഞ്ഞതിനു പിന്നാലെ കിംസ് ഗ്രൂപ്പ് രോഗിയ്ക്കു പരാതിയില്ലെന്ന നിലപാട് എടുത്തു. എന്നാൽ, രോഗിയ്ക്കു വിഷയത്തിൽ ഇടപെടാൻ താല്പര്യമില്ലെന്നും, തന്നെ ഇത്തരം കാര്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നുമാണ് അവർ അറിയിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ കിംസ് ഗ്രൂപ്പ് പെട്ടു. തുടർന്നു ബിൽ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചത് ആരിൽ നിന്നാണ് എന്നു വ്യക്തമാക്കണമെന്നും, വാർത്ത പിൻവലിക്കാൻ തേർഡ് ഐ തയ്യാറാകണമെന്നും കിംസ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.
എന്നാൽ, ഇതിനു തയ്യാറല്ലെന്നും വാർത്ത പിൻവലിച്ചിട്ടുള്ള യാതൊരു ഒത്തു തീർപ്പിനും തേർഡ് ഐ തയ്യാറല്ലെന്നും അറിയിച്ചു. ഇതോടെ കേസെടുക്കണമെന്നായി കിംസ് അധികൃതർ. എന്നാൽ, പ്രാഥമിക പരിശോധനയിൽ കേസെടുക്കാനുള്ള കുറ്റകൃത്യങ്ങളൊന്നും വാർത്തയിൽ ഇല്ലെന്നു പൊലീസ് കണ്ടെത്തി. ഇതോടെ പരാതി സ്വീകരിച്ചതായി രസീത് നൽകുകയും, കിംസ് മാനേജ്‌മെന്റിന് കോടതിയെ സമീപിക്കാമെന്നു നിർദേശിക്കുകയും ചെയ്തു പൊലീസ് ഇവരെ മടക്കി.
തേർഡ് ഐയ്‌ക്കെതിരെ രോഗി പരാതി നൽകി എന്നു കഴിഞ്ഞ ദിവസം കിംസ് ഗ്രൂപ്പ് പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഈ വാദം തെറ്റാണെന്നു തേർഡ് ഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും, വാർത്ത നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് കിംസ് ഗ്രൂപ്പ് പ്രതിരോധത്തിൽ ആയത്. കഴിഞ്ഞ ദിവസം കോട്ടയത്തെ മാധ്യമ പ്രവർത്തകരുടെ ഗ്രൂപ്പിൽ കിംസ് ഗ്രൂപ്പിന്റേതായി വന്ന പത്ര പ്രസ്താവനയും ഇതോടെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. തങ്ങൾ ഇത്തരത്തിൽ പ്രസ്താവന പുറത്തിറക്കിയിട്ടില്ലെന്നാണ് കിംസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോട്ടയത്തെ മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചത് ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.