കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു ; നിണ്ടൂർ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നൊടുക്കും
തേർഡ് ഐ ബ്യൂറോ
കോട്ടയം : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച പക്ഷികളെ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലും വളർത്തു പക്ഷികളെയുമാണ് കൊന്നൊടുക്കുന്നത്.
ജില്ലാ കളക്ടർ രൂപീകരിച്ച എട്ട് ദ്രുത കർമ്മ സേനകളാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്.രോഗം സ്ഥിരീകരിച്ച ഫാമിൽ ആറു സംഘങ്ങളെയും പുറത്ത് രണ്ടു സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ഉമ്മൻ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെ കൊല്ലും. രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളത്തിനായി കാഷ്ടം വിൽക്കുന്നതും നിരോധിച്ചു.
താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാൽ ലാബിലേക്ക് സാമ്പിൾ അയച്ച് പരിശോധന നടത്തിയതിന് ശേഷമാണ് ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചത്.