കിഫ്ബി ഏറ്റെടുത്ത നിര്‍മാണ പദ്ധതികളില്‍ മെല്ലെപ്പോക്ക്; കരാറുകാര്‍ക്ക് കോടികളുടെ കുടിശ്ശിക; പ്രതിസന്ധിക്ക് പരിഹാരം തേടി കോടതിയെ സമീപിച്ച് കരാറുകാര്‍
തിരുവനനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഏറ്റെടുത്ത നിര്‍മാണ പദ്ധതികളില്‍ മെല്ലെപോക്ക്.
ജലപാത, തീരദേശ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ പദ്ധതികള്‍ മുതല്‍ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള കെട്ടിട നിര്‍മ്മാണമടക്കം ഇഴഞ്ഞു നീങ്ങുകയാണ്.
നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതികളുടെ കാര്യത്തിലാകട്ടെ കരാറുകാര്‍ക്ക് പണം കൈമാറുന്നതിലും കാലതാമസം നേരിടുന്നു.
പ്രതിസന്ധിക്ക് പരിഹാരം തേടി കരാറുകാര്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.
വരവും ചെലവും തമ്മില്‍ പൊരുത്തമില്ലാത്ത – ശമ്പളവും പെൻഷനും കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നിനും പണം ബാക്കിയില്ലാത്ത കേരളത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പോംവഴിയായി അവതരിപ്പിക്കപ്പെട്ട സ്ഥാപനമാണ് കിഫ്ബി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോട്ടോര്‍ വാഹന നികുതിയിലൂടെയും ഇന്ധന സെസിലൂടെയും മസാല ബോണ്ടിലൂടെയും കിഫ്ബിയിലേക്ക് പണം സമാഹരിച്ചു. ദേശീയപാത വികസനം അടക്കം നിരവധി പദ്ധതികള്‍ക്കിത് ഊര്‍ജ്ജമാവുകയും ചെയ്തു. എന്നാല്‍ കുറച്ചുകാലമായി കിഫ്ബി ഏറ്റെടുത്ത പദ്ധതികള്‍ക്ക് എന്താണ് സംഭവിക്കുന്നത്?
കോവളം മുതല്‍ ബേക്കല്‍ വരെ 11 ജില്ലകളെ ബന്ധിപ്പിച്ച് കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട സംസ്ഥാന ജലപാത. ദേശീയപാത വികസനത്തിന് സമാന്തരമായി മലയോര തീരദേശ- ഹൈവേകള്‍. വൻകിട വികസന പദ്ധതികള്‍ക്കായൊന്നും സംസ്ഥാന ഖജനാവിനെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ കിഫ്ബി എന്ന ഒറ്റമൂലിയില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടങ്ങിയ വൻകിട പദ്ധതികള്‍ അനവധി. ഇവയ്ക്ക് ഒപ്പം റോഡ്, പാലം, സ്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങി ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിക്ക് കീഴില്‍ തുടങ്ങിയ നൂറുകണക്കിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍.
എന്നാല്‍ കഴിഞ്ഞ കുറച്ച് ഏറെ നാളുകളായി ഇവയില്‍ പല പ്രവൃത്തികളും ഇഴഞ്ഞ് നീങ്ങുന്നു എന്നാണ് ആക്ഷേപം. കിഫ്ബിയെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്നതിനു ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. കേന്ദ്രത്തിന്റെ കടുംപിടുത്തം പ്രശ്നമാണെങ്കിലും ഏറ്റെടുത്ത പദ്ധതികളെ അത് ബാധിച്ചു തുടങ്ങിയിട്ടില്ലെന്നാണ് കിഫ്ബി വാദം.
എന്നാല്‍ ഈ വാദം തെറ്റെന്ന് കണക്കുകള്‍ നിരത്തി പറയുകയാണ കിഫ്ബി പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ബില്ല് മാറാഞ്ഞതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചവരും ഏറെ.