കിഫ്ബിയിൽ കേരളത്തിന് ചരിത്ര നേട്ടം; മസാല ബോണ്ട് വഴി സംസ്ഥാനം സമാഹരിച്ചത് 2150 കോടി രൂപ
സ്വന്തംലേഖകൻ
കോട്ടയം : കിഫ്ബിയിൽ കേരളത്തിന് ചരിത്ര നേട്ടം. മസാല ബോണ്ട് വഴി 2150 കോടി രൂപ സംസ്ഥാനം സമാഹരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് സമാഹരിക്കുന്നത്. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു വേണ്ടിയുള്ള ധനസമാഹരണത്തിന്‍റെ ആദ്യപടിയാണിതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പ്രതികരിച്ചു.
ലണ്ടൻ, സിംഗപൂർ വിപണികളിൽ നിന്നാണ് സംസ്ഥാനം മസാല ബോണ്ട് ഇനത്തിൽ 2150 കോടി രൂപ സമാഹരിച്ചത്. വിദേശത്ത് നിന്ന് ആദ്യമായാണ് ഇത്രയും തുക സമാഹരിക്കുന്നത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും, പൊതുമേഖലാ സ്ഥാപനത്തെക്കാളും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് സ്വന്തമാക്കിയാണ് കിഫ്ബി ഈ നേട്ടം കൈവരിച്ചത്. ദേശീയപാതാ അതോറിറ്റിക്കും തെർമൽ പവർ കോർപ്പറേഷനുമായിരുന്നു നേരത്തെ മസാല ബോണ്ട് അനുവദിച്ചിരുന്നത്.
2024 ലാണ് തുക തിരിച്ച് നൽകേണ്ടത്. 9.27 ശതമാനമാണ് കടപ്പത്രത്തിന്റെ പലിശനിരക്ക്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഈ തുക വിനിയോഗിക്കുക. മസാല ബോണ്ടില്‍ പണം നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിയുടെ പ്രവര്‍ത്തന മികവിനെയും വിശ്വാസ്യതയെയും അംഗീകരിച്ചിരിക്കുന്നുവെന്നതിന് തെളിവാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്.