കുഞ്ഞുടുപ്പും കളിപ്പാട്ടവും വാങ്ങുമ്പോൾ ഇതെല്ലാം ഒന്ന് ശ്രദ്ധിക്കണേ

Spread the love

പുതുതലമുറ മാതാപിതാക്കള്‍ ഗർഭിണി ആണെന്ന് അറിയുമ്പോഴേ കുഞ്ഞുവാവക്ക് വേണ്ടി
അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരാണ്. ബ്രാന്‍ഡും റിവ്യൂവും ഭംഗിയും എല്ലാം നോക്കി, വേണ്ടതും വേണ്ടാത്തതുമായ നിരവധി സാധനങ്ങള്‍ വാങ്ങുന്നവരുണ്ട്. കുഞ്ഞുപിറന്നാലും ഇത്തരം പര്‍ച്ചേസുകള്‍ നീണ്ടുകൊണ്ടേയിരിക്കും.

വാട്ടര്‍ ബോട്ടില്‍, ഫീഡിങ് ആക്‌സസറീസ്, കളിപ്പാട്ടങ്ങള്‍, സ്ലിപ്പേഴ്‌സ് എന്നിങ്ങനെ ഏറ്റവും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ പോലും ഇത്തരത്തില്‍ പിഴവുകള്‍ വരാം. ഇങ്ങനെ കുട്ടികളുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ തെറ്റുകള്‍ ഒഴിവാക്കിയാല്‍ സാധനങ്ങള്‍ വെറുതേ പാഴാകുന്നതും ഒഴിവാക്കാം, സാമ്പത്തിക ലാഭവും നേടാം.

സുരക്ഷയ്ക്ക് നല്‍കാം മുന്‍ഗണന
കാണാന്‍ ഭംഗിയും നിറവുമുള്ള ഒരു സ്ലിപ്പറോ, ബോട്ടിലോ, ലഞ്ച്‌ബോക്‌സോ ചിലപ്പോള്‍ കുട്ടികൾക്ക് സുരക്ഷിതമായ സാധനങ്ങള്‍കൊണ്ട് ഉണ്ടാക്കിയവയാവില്ല. അതിലെ നിറങ്ങളോ, പ്ലാസ്റ്റിക്കോ ഒക്കെ കുട്ടിക്ക് അപകടകരമാവാം. ബിപിഎ ഫ്രീ, ഫുഡ് ഗ്രേഡ്, നോണ്‍ ടോക്‌സിക്ക് എന്നീ മുദ്രകളുള്ള സാധനങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലയല്ല പ്രധാനം
വിലകൂടിയ ഒരു കളിപ്പാട്ടമോ, ബാഗോ കുട്ടിയുടെ പ്രായത്തിന് ചേരാത്തത് ആണെങ്കിലോ. കുട്ടികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ പറ്റുന്ന അവരുടെ പ്രായത്തിനനുസരിച്ചുള്ള ഉത്പന്നങ്ങള്‍ മാത്രം വാങ്ങാം. കുട്ടികളുടെ ഉയരം, ഭാരം എന്നിവയൊക്കെ പരിഗണിച്ചാണ് വസ്ത്രങ്ങളും ബാഗുകളും ചെരുപ്പുകളുമൊക്കെ വാങ്ങേണ്ടത്. രണ്ട് വയസ്സുള്ള കുട്ടിക്ക് ഭാരം കുറഞ്ഞ ഫീഡിങ് ബോട്ടിലാവും വേണ്ടി വരുക. ഭാരം കുറഞ്ഞ പന്തുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയാവും നല്ലത്. അങ്ങനെയല്ലാത്തവ അപകടമുണ്ടാക്കാം. വില കുറവാണെങ്കിലും നല്ല നിലവാരമുള്ള സാധനങ്ങള്‍ വിപണിയില്‍ ലഭിക്കും

പ്രായത്തിന് നല്‍കാം പരിഗണന
ഓരോ പ്രായത്തിന് അനുസരിച്ചുള്ള സാധനങ്ങള്‍ മാത്രം വാങ്ങാം. എല്ലാ പ്രോഡക്ടുകളിലും പ്രായം സൂചിപ്പിച്ചിട്ടുണ്ടാവും. രണ്ട് വയസ്സുളള കുട്ടിയുടെ ടൂത്ത് ബ്രഷോ പേസ്റ്റോ ആവില്ല ആറ് വയസ്സുകാരന് ആവശ്യം. വസ്ത്രങ്ങള്‍ അതാത് പ്രായത്തിനു ചേരുന്നവ മാത്രം വാങ്ങാം. കുട്ടി വലുതാകുമെന്ന് കരുതി വലിയ വസ്ത്രങ്ങള്‍ വാങ്ങേണ്ടതില്ല. ചെരുപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം അങ്ങനെ തന്നെ.

സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ ഒഴിവാക്കാം
കുട്ടികള്‍ വേഗം വളരുമെന്ന് കരുതി ചില സാധനങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത് ശരിയല്ല. അത്തരം സാധനങ്ങള്‍ സുരക്ഷിതമായിരിക്കില്ല. ചൈല്‍ഡ് സീറ്റ്, വാക്കര്‍, തൊട്ടില്‍, ക്രിബ് ബെഡ്ഡ്, കളിപ്പാട്ടങ്ങള്‍.. ഇവയൊന്നും സെക്കന്‍ഡ്ഹാന്‍ഡ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് സുരക്ഷിതമാവില്ല.

ഉപയോഗം പഠിക്കണം
കുട്ടികളുടെ ട്രോളി, വാക്കര്‍, ക്രിബ്, സൈക്കിള്‍, കാര്‍, മറ്റ് കളിപ്പാട്ടങ്ങള്‍ എന്നിവ ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ വിപണിയില്‍ ലഭിക്കും. പലതും റിമോട്ടില്‍ പ്രവര്‍ത്തിക്കുന്നവയോ മറ്റ് സംവിധാനങ്ങള്‍ ഉള്ളവയോ ഒക്കെയാവാം. ഇവയ്‌ക്കൊപ്പമുള്ള മാനുവല്‍ നോക്കി സുരക്ഷാ നിര്‍ദ്ദേശങ്ങളും ഉപയോഗിക്കേണ്ട രീതികളും മനസ്സിലാക്കണം. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ സെയില്‍സ് പ്രൊഫഷണലിനോട് കൃത്യമായി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാം. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയവ സ്വയം അസമ്പിള്‍ ചെയ്യുമ്പോഴും പിഴവ് പറ്റാതെ ശ്രദ്ധിക്കണം.

മുന്‍കൂട്ടി സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാം
കുഞ്ഞ് പിറക്കുന്നതിനുമുന്നേ അവര്‍ക്കുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും എന്തിനേറെ സോപ്പ്, ചീപ്പ് പോലുള്ളവ വരെ വാങ്ങുന്നവരുണ്ട്. എന്നാല്‍ പലതും ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് അവര്‍ക്ക് അത് യോജിച്ചതല്ല എന്ന് മനസ്സിലാകുന്നത്. ഉദാഹരണത്തിന് ചില സോപ്പുകള്‍ ചില കുഞ്ഞുങ്ങള്‍ക്ക് അലര്‍ജ്ജിയാവാം. അത് മാറ്റേണ്ടി വരാം. നമ്മള്‍ വാങ്ങിവെച്ച വസ്ത്രത്തിന്റെ തുണി അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാം. ക്രീം, പൗഡര്‍, ഡയപ്പര്‍ എന്നിവയ്‌ക്കെല്ലാം ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ കുഞ്ഞിന് വേണ്ടി എന്ത് വാങ്ങുമ്പോഴും സാമ്പിള്‍ വാങ്ങി ഉപയോഗിച്ചുനോക്കിയ ശേഷം യോജിക്കുന്നവയാണെങ്കില്‍ കൂടുതല്‍ വാങ്ങുന്നതാണ് നല്ലത്. ചിലര്‍ കുഞ്ഞുങ്ങളെ പുതപ്പിക്കാനായി കട്ടിയുള്ള ബ്ലാങ്കെറ്റും മറ്റും വാങ്ങാറുണ്ട്. നമ്മുടെ കാലാവസ്ഥയില്‍ അത് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കാം. അവരത് ഉപയോഗിക്കാന്‍ സമ്മതിക്കാതിരിക്കാം. കളിപ്പാട്ടങ്ങളും മറ്റും ഒരുപാടെണ്ണം വാങ്ങുന്നതിന് പകരം ഓരോ പ്രായത്തിനും യോജിച്ചവ മാത്രം നല്‍കാം.

പഴയവ കളയാം

ദീര്‍ഘകാല ഉപയോഗമെന്നത് പലപ്പോഴും കുട്ടികളുടെ ഉത്പന്നങ്ങള്‍ക്ക് ബാധകമല്ല. സിപ്പര്‍ ബോട്ടിലുകള്‍, ഫീഡിങ് ബോട്ടിലുകള്‍, ഫുഡ് കണ്ടെയ്‌നേഴ്‌സ്, സ്ലിപ്പറുകള്‍, ടൗവ്വല്‍ തുടങ്ങിയവ ആറ് മാസം വരെയൊ കൂടിപ്പോയാല്‍ ഒരു വര്‍ഷം വരെയോ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ചെറിയ പൊട്ടലുകള്‍ വീണ കളിപ്പാട്ടങ്ങളും ബോട്ടിലുകളുമൊക്കെ സമയാസമയങ്ങളില്‍ മാറ്റാം. ടീത്തര്‍ പോലുള്ളവ ധാരാളം ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുള്ളവയാണ്. അവ കൃത്യമായി ക്ലീന്‍ ചെയ്യാം. നാലോ അഞ്ചോ മാസം മാത്രമാണ് ടീത്തര്‍ ആവശ്യമായി വരുക. അതിന് ശേഷം ഇവ ഉപേക്ഷിക്കണം.

കുട്ടികളുടെ ഇഷ്ടവും നോക്കാം

രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ വസ്ത്രങ്ങളിലും കളിപ്പാട്ടങ്ങളിലും സ്വന്തം ഇഷ്ടങ്ങള്‍ കൂടിയുണ്ടാവും. ഇത് പരിഗണിക്കണം. അങ്ങനെ ചെയ്താലെ കുട്ടികളില്‍ ആത്മവിശ്വസം വളരൂ. മാതാപിതാക്കള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന തോന്നലല്ല വേണ്ടത്. കുട്ടിയും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തിയാണെന്ന തോന്നല്‍ വളരുന്ന പ്രായമാണ് ഇത്. സുരക്ഷയും, ഗുണനിലവാരവും, വിലയും എല്ലാം നോക്കുന്നതിനൊപ്പം കുട്ടികളുടെ ഇഷ്ടവും പരിഗണിക്കാം