
വൃക്കരോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണത്തില്‍ ഈ കഴിഞ്ഞ പതിറ്റാണ്ടില്‍ മുപ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
നമ്മുടെ ഭാരതത്തില്‍ ജനസംഖ്യയുടെ പതിനേഴ് ശതമാനം പേര്‍ക്ക് വൃക്കരോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍ വൃക്കരോഗത്തിന്റെ ഗുരുതരാവസ്ഥയായ സ്ഥിരമായ വൃക്കസ്തംഭനം.ആയിരം പേരില്‍ എട്ട് പേര്‍ക്ക് കാണപ്പെടുന്നു.
നമ്മുടെ രാജ്യത്ത് 2018 ലെ കണക്ക് പ്രകാരം ഒരുലക്ഷത്തിഎഴുപത്തിഅയ്യായിരം പേര്‍ ഡയാലിസിസിന് വിധേയരാകുന്നു. ചില കണക്കുകള്‍ കാണിക്കുന്നത് ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികളില്‍ കേവലം മൂന്നിലൊന്ന് പേര്‍ക്കേ അത് ലഭ്യമാകുന്നുള്ളു എന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആതായത് 100 പേര്‍ക്ക് ഡയാലിസിസ് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ 30 പേര്‍ക്ക് ലഭിക്കുകയും ബാക്കി 70 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന ഭീതികരമായ ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. 1990ല്‍ വൃക്കരോഗങ്ങള്‍ കൊണ്ടുണ്ടായ മരണം അഞ്ച് ലക്ഷമായിരുന്ന സ്ഥാനത്ത് 2016ല്‍ അത് ഇരട്ടിച്ച് 11 ലക്ഷത്തോളമായിരിക്കുന്നു. ജനസംഖ്യ കൂടുന്നതിനനുസരിച്ച് മരണനിരക്ക് നമുക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടില്ല.
വൃക്കരോഗലക്ഷണങ്ങള്‍ പലപ്പോഴും നേരത്തേ പ്രകടമാക്കാത്തതിനാല്‍ വൃക്കരോഗം അതിന്റെ അവസാന ഘട്ടത്തിലാകും കണ്ടുപിടിക്കപ്പെടുന്നത്. വൃക്കരോഗം പൂര്‍ണമായും ഭേദമാവില്ലെന്ന ചിന്ത വൃക്കരോഗികളെ പലപ്പോഴും അമിതമായ ഉത്കണ്ഠയിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാറുണ്ട്. ഇതവരുടെ കുടുംബപരവും സാമൂഹ്യപരമായ കടമകള്‍ ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് അവരെ തടയുകയും പതിയെ പതിയെ സ്വയം ഒറ്റപ്പെടലിന്റെ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
വൃക്കരോഗികള്‍ക്ക് ശരിയായ രീതിയിലുള്ള ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതോടെ അവര്‍ക്ക് മാനസികമായ പിന്തുണയും നല്‍കേണ്ടതാണ്. വൃക്കരോഗത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ ചികിത്സിക്കുക, ജീവിതദൈര്‍ഘ്യം കൂട്ടുക എന്നതിലാണ് വൃക്കരോഗ ചികിത്സ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. ഇതോടൊപ്പം വൃക്കരോഗികളുടെ ജീവിതത്തിന്റെ ഗുണനിലവാരം (Quality of life) കൂട്ടുകയെന്നതും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതും വൃക്കരോഗ ചികിത്സയുടെ പ്രധാനഭാഗമായി മാറേണ്ടതാണ്.
വൃക്കരോഗിയുടെ കുടുംബത്തിനാണ് ഇതില്‍ പ്രധാനപങ്ക് വഹിക്കാനാകുന്നത്. അവരെ ഒരു നിത്യരോഗിയായി കാണാതെ കുടുംബത്തിലെ എല്ലാകാര്യങ്ങളിലും അതൊരു സിനിമയാകട്ടെ, വിനോദയാത്രയാകട്ടെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ക്ക് ശാരീരിക അസ്വസ്ഥതകളില്ലെന്ന് ഉറപ്പുവരുത്തുന്ന അതേ പ്രാധാന്യത്തോടെ അവരുടെ മനസിന്റെ സന്തോഷവും ഉറപ്പുവരുത്തുക. വൃക്കരോഗികള്‍ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രയാസം സാമ്പത്തികമാണ്.
മരുന്നുകള്‍ക്കും ഡയാലിസിസ് ഉള്ളവര്‍ക്കും അതിനു ഭീമമായ തുക വേണ്ടിവരുന്നു. സര്‍ക്കാരിനും സര്‍ക്കാരിതര സാമൂഹിക, സംഘടനകള്‍ക്കും ഈ കാരൃത്തില്‍ വളരെധികം ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കൂട്ടാന്‍ പറ്റിയാല്‍ അത് പാവപ്പെട്ട രോഗികളള്‍ക്ക് ഒരു ആശ്വാസമാകും.
ചെറുപ്പത്തില്‍ വൃക്കരോഗം ബാധിക്കുന്നവർക്ക് പലപ്പോഴും അമിതമായ കായികാഭ്യാസമുള്ള ജോലികള്‍ ചെയ്യാൻ സാധിക്കുകയില്ല. അത്തരം രോഗികള്‍ക്ക് അനുയോജ്യമായ ജോലികള്‍ നല്‍കി അവരെ സാധാരണ ജീവിതത്തിലേയ്ക്ക്, മറ്റുള്ളവരെ ആശ്രയിക്കാതെ മടക്കികൊണ്ടുവരാന്‍ സാധിക്കും. കുടുംബത്തിലെ പ്രധാന അത്താണിയായ കുടുംബനാഥനോ / കുടുംബനാഥയ്ക്കോ വൃക്കസ്തംഭനം വന്നാല്‍ അവരുടെ കുട്ടികള്‍, വൃദ്ധരായ മാതാപിതാക്കള്‍ എന്നിവര്‍ അനുഭവിക്കേണ്ടി നവരുന്ന മാനസികവും സാമ്പത്തികവുമായ കഷ്ടപ്പാടുകള്‍ നമ്മള്‍ കണക്കിലെടുക്കേണ്ടതാണ്.



