സ്വന്തം ലേഖിക
കൊട്ടാരക്കര:രോഗികൾക്ക് വൃക്കദാതാക്കളെ കണ്ടെത്തി വ്യാജരേഖകൾ ചമച്ച് നടത്തിയ ഇടപാടിലുടെ ലക്ഷങ്ങൾ കൈക്കലാക്കിയ മൂന്നംഗ സംഘം കൊട്ടാരക്കരയിൽ പിടിയിൽ. ശാസ്താംകോട്ട മുതുപിലാക്കാട് മംഗലത്ത് വീട്ടിൽ അജയൻ(46), പുനലൂർ വാളക്കോട് പ്‌ളാച്ചേരി ചരുവിള വീട്ടിൽ രമേശ്(29), കരുനാഗപ്പള്ളി ഗവ.ആശുപത്രിയ്ക്ക് സമീപം ചൈത്രത്തിൽ രതീഷ്(27) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പത്തു ലക്ഷം രൂപ രോഗികളുടെ കുടുംബത്തിൽ നിന്ന് ഈടാക്കി വൃക്കദാതാവിന് അഞ്ചു ലക്ഷം നൽകി ബാക്കി തുക കീശയിലാക്കുകയായിരുന്നു ഇവരുടെ രീതി. നിരവധി വൃക്കകൾ ഇത്തരത്തിൽ കച്ചവടം ചെയ്തിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് പറയുന്നത് – ‘ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗികളുടെ വിവരങ്ങൾ. പത്ര പരസ്യങ്ങളിലൂടെയോ നവമാദ്ധ്യമങ്ങളിലൂടെയോ ലഭിച്ചാൽ ബന്ധുക്കളെ സമീപിക്കും. പത്ത് ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ഒരു കിഡ്‌നിക്ക് ആവശ്യപ്പെടുക. കിഡ്‌നി ദാതാക്കളെയും കണ്ടെത്തും. അഞ്ചു ലക്ഷം രൂപ നൽകും. ബാക്കി തുക വീതിച്ചെടുക്കും. നിർധനരെയും മദ്യപാനികളെയുമൊക്കെയാണ് കിഡ്‌നി ദാതാക്കളായി കണ്ടെത്തിയിരുന്നത്. 25 പേരിൽ നിന്ന് ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപവരെ അഡ്വാൻസ് വാങ്ങിയിട്ടുണ്ട്.
അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശിക്ക് സംഘത്തിന്റെ ശ്രമഫലമായി ശാസ്താംകോട്ട സ്വദേശി കിഡ്‌നി ദാനം ചെയ്യാൻ തയ്യാറാവുകയും ഇതിന് വേണ്ട പേപ്പറുകൾ സംഘം വ്യാജമായി നിർമ്മിക്കുകയും ചെയ്തു. കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ ക്‌ളിയറൻസ് സർട്ടിക്കറ്റിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകി. സംശയം തോന്നിയ ഡിവൈ.എസ്.പി പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. കൊട്ടാരക്കര ഡിവൈ.എസ്.പി പി.നാസറുദ്ദീൻ, സി.ഐ ടി.ബിനുകുമാർ, എസ്.ഐമാരായ രാജീവ്, സാബുജി, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, ബിനു ജോർജ്ജ്, അജു.ഡി.തോമസ്, രതീഷ്, സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.