
വൻപയറിനെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണമുള്ള ധാന്യമാണ് വൻപയർ. 100 ഗ്രാം വൻപയറിൽ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാത്സ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കാൻ നല്ലൊരു ഭക്ഷണമാണ് വൻപയർ. കുറച്ചു കഴിച്ചാൽത്തന്നെ വയർ നിറഞ്ഞുവെന്നു തോന്നിപ്പിക്കും.
കൊഴുപ്പും കാലറിയും കുറഞ്ഞതായത് കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും വൻപയർ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിൾ ഫൈബർ, പ്രോട്ടീൻ ഇവയുള്ളതിനാൽ രക്തസമ്മർദം സാധാരണ നിലയിലാക്കി നിർത്താനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്നു.
ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താൻ സഹായിക്കുന്ന ആന്റിഓക്സിഡേറ്റീവ് ഗുണങ്ങൾ വൻപയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങൾ നൽകുന്നത്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാംഗനീസ് സഹായിക്കുന്നു. ശരീരത്തിന് ഊർജമേകാനും വൻപയർ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവകം ബി 1 വൻപയറിൽ ധാരാളമുണ്ട്. ഇത് ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. ഓർമശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം വരാതെ തടയാനും സഹായിക്കുന്നു. അസെറ്റൈൽകൊളൈൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ പ്രവർത്തനത്തിൽ ജീവകം ബി 1 സഹായിക്കുന്നതു വഴിയാണ് ഈ ഗുണങ്ങൾ ലഭിക്കുന്നത്.



