
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം വർധിപ്പിച്ചതിൽ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ പ്രവര്‍ത്തനസമയം വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെജിഎംഒഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തില്‍ യാതൊരു വർധനവും വരുത്താതെയാണ് ജീവനക്കാരില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന ഈ തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. ഇത്തരമൊരു അപ്രായോഗികവും ന്യായരഹിതവുമായ നീക്കത്തെ സംഘടന ശക്തമായി എതിർക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ മാനവവിഭവശേഷി ഉറപ്പാക്കാതെ ഒപി സമയം വൈകിട്ട് ആറുമണി വരെ നീട്ടുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി. മൂന്ന് ഡോക്ടർമാർ മാത്രമുള്ള കേന്ദ്രങ്ങളിൽ ഇത് രോഗീബാഹുല്യം, അസംതൃപ്തി, സംഘർഷങ്ങൾ എന്നിവയ്ക്ക് വഴിവയ്ക്കുമെന്നും ഗുണമേന്മയുള്ള ചികിത്സയ്ക്ക് തടസ്സമാകുമെന്നും സംഘടന വ്യക്തമാക്കി. അപ്രായോഗികമായ പുതുക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും, അധികജോലിഭാരം ഡോക്ടർമാരിൽ അടിച്ചേൽപ്പിക്കുന്ന നീക്കങ്ങൾ ശക്തമായി ചെറുക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



