കെവിനെ മുക്കി കൊന്നതോ? സത്യമറിയാൻ മജ്ജ പരിശോധന.

കെവിനെ മുക്കി കൊന്നതോ? സത്യമറിയാൻ മജ്ജ പരിശോധന.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെവിന്റെ മരണം വെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെതു മുങ്ങി മരണമാണോ അതോ വെള്ളത്തിൽ മുക്കിക്കൊന്നതാണോ എന്നന്നറിയാൻ മജ്ജ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിൽ മരണകാരണം വ്യക്തമാകും.
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിലയുള്ളതിനാൽ സ്വയം വെള്ളം കുടിച്ചതണൊങ്കിൽ അർധ അബോധാവസ്ഥയിലായിരിക്കും, മുക്കിക്കൊന്നതാണെങ്കിൽ നല്ല ബോധത്തിലും. ഇതു പരിശോധനയിൽ വ്യക്തമാകും. ഇതോടൊപ്പം അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൂടി പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ.
അടിയേറ്റ് അവശനായിരുന്നു കെവിനെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഒന്നുകിൽ കെവിനെ ആറ്റിലേക്ക് ഓടിച്ചുവിട്ടതാകാം, അല്ലെങ്കിൽ എടുത്തെറിഞ്ഞതാകാം എന്നും പോലീസ് പറയുന്നു. കെവിന് നീന്തൽ വശമില്ലെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അയതിനാൽ ഈ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.
മൃതദേഹത്തിൽ മർദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയുമായി ഇരുപതിലേറെ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിൽ ചതവുള്ളതായും കണ്ടെത്തി. എന്നാൽ, ഇതൊന്നും മരണകാരണമല്ലെന്നാണു പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറും.
നീനുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിന്റെ മുഖത്തുമാത്രം നാലിടത്തു പരുക്കുണ്ട്. ഒരേ സ്ഥലത്തു നിരന്തരം ഇടിച്ചതിന്റെ ആഴമേറിയ മുറിവാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള നിരവധി പരുക്കുകൾ ശരീരത്തിന്റെ പലഭാഗത്തുമുണ്ട്. വലുതുകാലിൽ താഴെ വലിയ മുറിവുണ്ട്.
മൃതദേഹം 24 മണിക്കൂറിലേറെ വെള്ളത്തിൽ കിടന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച പുലർച്ചെ തന്നെ മരണം സംഭവിച്ചതായാണ് ഇതിലൂടെ വ്യക്തമാകുന്നത്. വെള്ളത്തിൽ 24 മണിക്കൂറും കരയിൽ പന്ത്രണ്ടു മണിക്കൂറിലേറെയും കിടന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.