കെവിന്റെ മരണം; മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം.
സ്വന്തം ലേഖകൻ
കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. അനേഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഗാന്ധി നഗർ എസ്.ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിന്റെ തിരോധനം, അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പോലീസ്‌കാർക്ക് എതിരെയുള്ള നടപടി സസ്‌പെൻഷനിൽ ഒതുങ്ങില്ല എന്ന് മുഖ്യമന്ത്രി ഇന്ന് സഭയിൽ വ്യക്തമാക്കിയിരുന്നു.
ഗാന്ധിനഗർ എസ്.ഐ ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ നൽകിയതിന് ഇവർ നിലവിൽ സസ്പെൻഷനിലാണ്. പ്രതികളെ സഹായിച്ചതിന് പിന്നാലെ പണം വാങ്ങിയതായും കണ്ടെത്തിയതിനെ തുടർന്ന് ബിജുവിനെയും അജയകുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കെവിൻ വധം കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അതൊരു ദുരഭിമാനക്കൊല തന്നെയാണ്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 14 പ്രതികൾ കസ്റ്റഡിയിലും റിമാൻഡിലുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരളമൊട്ടാകെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.