video
play-sharp-fill
കെവിനെ മുക്കിക്കൊന്നത് തന്നെ: പോസ്റ്റ്മാർട്ടം റിപ്പോർട്ട് മുങ്ങിമരണമെന്ന് പറയുമ്പോഴും സംശയം വിടാതെ പൊലീസ്; മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദ പരിശോധനയ്ക്ക് അന്വേഷണ സംഘം

കെവിനെ മുക്കിക്കൊന്നത് തന്നെ: പോസ്റ്റ്മാർട്ടം റിപ്പോർട്ട് മുങ്ങിമരണമെന്ന് പറയുമ്പോഴും സംശയം വിടാതെ പൊലീസ്; മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദ പരിശോധനയ്ക്ക് അന്വേഷണ സംഘം

സ്വന്തം ലേഖകൻ

കോട്ടയം: വധുവായ പെൺകുട്ടിയുടെ കുടുംബം തട്ടിക്കൊണ്ടു പോയതിനെ തുടർന്നു മരിച്ച നിലയിൽ കണ്ടെത്തിയ കെവിനെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതെന്ന സംശയത്തിൽ പൊലീസ്. കെവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശത്തിലും, ആമാശയത്തിലും വെള്ളം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഇത് സ്വാഭാവിക മുങ്ങിമരണമാണോ എന്ന കാര്യത്തിലാണ് പൊലീസ് ഇപ്പോൾ സംശയത്തിൽ നിൽക്കുന്നത്. ഇതേ തുടർന്നാണ് കേസിൽ വിശദമായ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കെവിനെ തട്ടിക്കൊണ്ടു പോയ ഞായറാഴ്ച പുലർച്ചെ തന്നെ ഇയാൾ മരിച്ചതായാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പ്രതികളെ റിമാൻഡ് ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ കെവിനെ തുരത്തിയോടിച്ചപ്പോൾ കെവിൻ വെള്ളത്തിൽ വീണു മരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അന്വേഷണം പൂർത്തിയാകുന്നതോടെ മാത്രമേ ഇതു സംബന്ധിച്ചു പൊലീസിനും വ്യക്തത വരികയുള്ളൂ. കെവിന്റെ ശരീരത്തിൽ മരണകാരണമായേക്കാവുന്ന മുറിവുകളൊന്നും കണ്ടെത്താൽ സാധിച്ചിട്ടില്ല. എന്നാൽ, ശരീരത്തിന്റെ പലഭാഗത്തും ഉരഞ്ഞുള്ള പാടുകളും, ചതവുകളും കണ്ടെത്തിയിട്ടുമുണ്ട്.
ഇതാണ് പൊലീസിനെ സംശയത്തിലാക്കുന്നത്. കെവിനെ അക്രമി സംഘം തട്ടിക്കൊണ്ടു പോയി കുളത്തിലേയ്ക്കു ഓടിച്ചിട്ട് തള്ളിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അല്ലെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടുമില്ല. എന്നാൽ, പ്രതികളെല്ലാം ഒരേ സ്വരത്തിൽ ഇതു തന്നെ പറയുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഈ മൊഴിയും അന്വേഷണ വിവരങ്ങളുമായി പൊലീസ് സംഘം കോടതിയിൽ എത്തിയാൽ, ഇത് പ്രതികൾക്കു മേൽകൊലക്കുറ്റം ചുമത്തുന്നതിനെ സാരമായി ബാധിക്കും. പ്രതികൾക്കു മേൽ സംശയാസ്പദമായി കൊലക്കുറ്റം നിലനിൽക്കുമോ എന്നു പോലും നിയമവിദഗ്ധർ സംശയം രേഖപ്പെടുത്തുന്നു.
അതുകൊണ്ടു തന്നെയാണ് കെവിന്റെ മരണം മുങ്ങി മരണമാണോ എന്ന് ഉറപ്പിക്കുന്നതിനായി പൊലീസ് സംഘം വിശദമായ പഠനം നടത്തുന്നത്. കെവിനെ മുക്കിക്കൊല്ലാനുള്ള സാഹചര്യങ്ങളെല്ലാം പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, ഇതു സംബന്ധിച്ചു വ്യക്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിട്ടുമില്ല. കെവിനെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ പ്രതികളുടെ പ്രധാന ലക്ഷ്യം നീനുവിനെ വിട്ടു കിട്ടുകയായിരുന്നു. നീനു എവിടെയാണെന്നു അറിയുന്നതിനാണ് ഇവർ കെവിനെ മർദിച്ചതും. ഇത്തരത്തിൽ നീനുവിനെ കണ്ടെത്താൻ അരയ്‌ക്കൊപ്പം മാത്രം വെള്ളമുള്ള പുനലൂരിലെ തോട്ടിലേയ്ക്കു പ്രതികൾ കെവിനെ മുക്കിപ്പിടിച്ചതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.