video
play-sharp-fill
കെവിൻ വധം: ഉദ്യോഗസ്ഥരെ പുറത്താക്കാൻ നടപടി തുടങ്ങി; ഉമ്മൻചാണ്ടിയെയും തിരുവഞ്ചൂരിനെയും ലക്ഷ്യമിട്ട് സർക്കാർ

കെവിൻ വധം: ഉദ്യോഗസ്ഥരെ പുറത്താക്കാൻ നടപടി തുടങ്ങി; ഉമ്മൻചാണ്ടിയെയും തിരുവഞ്ചൂരിനെയും ലക്ഷ്യമിട്ട് സർക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: സർക്കാരിനെ നാണക്കേടിന്റെ പടുകുഴിയിലേയ്ക്കു തള്ളിവിട്ട കെവിൻ വധക്കേസിൽ കേസ് ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും തലയിലേയ്ക്കു തള്ളിവിടാൻ സർക്കാർ – സിപിഎം പദ്ധതി. കേസിൽ ഏറ്റവും പ്രധാനപ്പെട്ട വീഴ്ച വരുത്തിയ എ.എസ്.ഐ ടി.എം ബിജു ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും വിശ്വസ്തനായിരുന്നു എന്ന വലിയ വാദമുയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. ഇതിന്റെ ഭാഗമായി മുൻ കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ടി.എം ബിജുവിനെ പിരിച്ചു വിടുന്നതിനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടയം അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരുടെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ വീഴ്ച വരുത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന എസ്.ഐ എം.എസ് ഷിബു, ജി.ഡി ചാർജ് എ.എസ്.ഐ സണ്ണിമോൻ, നൈറ്റ് പെട്രോളിംഗ് ചുമതലയുള്ള എ.എസ്.ഐ ടി.എം ബിജു, ഡ്രൈവർ സി.പി.ഒ അജയകുമാർ എന്നിവർക്കുള്ള കുറ്റാരോപണ മെമ്മോ ഇന്ന് നൽകും. ഇവരുടെ മറുപടി ലഭിച്ചാൽ തുടർ നടപടികൾ ആരംഭിക്കും. മൂന്നു മാസത്തിനുള്ളിൽ നാലു പേരെയും സർവീസിൽ നിന്നു നീക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഒരു പൊലീസുകാരനെ സർവീസിൽ നിന്നു പിരിച്ചു വിടണമെങ്കിൽ ആദ്യം കൃത്യമായ അന്വേഷണം നടക്കണം. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഐ.ജി റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് ഇവർക്കു കുറ്റാരോപണ മെമ്മോ നൽകുക. ഈ മെമ്മോയ്ക്കുള്ള മറുപടിയായി ഇവർ നൽകുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്നു സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തും. കുറ്റാരോപിതരുടെ മൊഴിയും സംഭവവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയാൽ പിരിച്ചു വിടാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകും. ഈ നോട്ടീസിനു മറുപടി ലഭിക്കുന്ന മുറയ്ക്ക് പിരിച്ചു വിടലിലേയ്ക്കു കടക്കുമെന്നാണ് സൂചന.
മേയ് 27 നാണ് മാന്നാനം പള്ളിത്താഴെയുള്ള വീട്ടിൽ നിന്നും നട്ടാശേരി എസ്.എച്ച്. മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫി(23)നെയും ബന്ധുവായ അനീഷിനെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ്ത്. കെവിന്റെ വധു പുനലൂർ സ്വദേശി നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കനാലിൽ തള്ളിയത്. 29 തിങ്കളാഴ്ച പുലർച്ചെ പുനലൂർ – തെന്മല റോഡിലെ ചാലിയേക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആരോപണ വിധേയരായ നാല് ഉദ്യോഗസ്ഥരും നിലവിൽ സസ്‌പെൻഷനിലാണ്.
കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസുകാർക്ക് വീഴ്ചയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരെ സേനയിൽ നിന്നും പിരിച്ചു വിടാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് ഡിവൈ.എസ്.പിയുടെ അന്വേഷണം.