video
play-sharp-fill
കെവിൻ വധക്കേസ്: വിധി പറയുന്നതിനായി ആഗസ്റ്റ് 22 ലേയ്ക്ക് മാറ്റി: ബുധനാഴ്ച നടന്നത് ദുരഭിമാന കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതിനുള്ള വാദം

കെവിൻ വധക്കേസ്: വിധി പറയുന്നതിനായി ആഗസ്റ്റ് 22 ലേയ്ക്ക് മാറ്റി: ബുധനാഴ്ച നടന്നത് ദുരഭിമാന കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതിനുള്ള വാദം

സ്വന്തം ലേഖകൻ

കോട്ടയം: പ്രണയ ബന്ധത്തിൽ നിന്നു പിന്മാറാതിരുന്നതിനെ തുടർന്ന് കാമുകിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് ആഗസ്റ്റ് 22ലേയ്ക്ക് മാറ്റി.  നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിൻ ജോസഫി(24)നെയാണ് 2018 മെയ് 28-ന് കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രനാണ് കേസ് മാറ്റി വച്ചത്.
നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ (ഒന്നാം പ്രതി)യും പിതാവ് ചാക്കോ ജോൺ അഞ്ചാം പ്രതിയുമാണ്. നിയാസ് മോൻ (ചിന്നു) (രണ്ടാം പ്രതി), ഇഷാൻ ഇസ്മയിൽ ( മൂന്നാം പ്രതി) , റിയാസ് ഇബ്രാഹിം കുട്ടി (നാലാം പ്രതി), മനു മുരളീധരൻ (ആറാം പ്രതി), ഷിഫിൻ സജാദ് (ഏഴാം പ്രതി), എൻ.നിഷാദ് (എട്ടാം പ്രതി), ടിറ്റു ജെറോം (ഒൻപതാം പ്രതി), അപ്പുണ്ണി ( വിഷ്ണു) ( പത്താം പ്രതി), ഫസിൽ ഷെരീഫ് (അപ്പൂസ്) (പതിനൊന്നാം പ്രതി), ഷാനു ഷാജഹാൻ (പന്ത്രണ്ടാം പ്രതി), ഷിനു ഷാജഹാൻ (പതിമൂന്നാം പ്രതി), റെമീസ് ഷെറീഫ് (പതിനാലാം പ്രതി) എന്നിവർ കോടതിയിൽ ഹാജരായിരുന്നു.
സംഭവത്തിൽ ദുരഭിമാന കൊലപാതകം നിലനിൽക്കുമോ എന്ന വാദമാണ് ബുധനാഴ്ച കോടതിയിൽ നടന്നത്. ജാതി വേർതിരിവ് ഉണ്ടായതായും കെവിനെ ജാതിയുടെ പേരിലാണ് അകറ്റി നിർത്തിയതെന്നും കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ , ക്രിസ്ത്യാനികളിൽ വ്യത്യസ്ത ജാതി ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രണ്ടു വാദങ്ങളും കേട്ട ശേഷമാണ് കോടതി വിധി പറയാൻ കേസ് മാറ്റിയത്.
ഐപിസി 302 കൊലപാതകം , 364 എ തട്ടിയെടുത്തു വിലപേശൽ, 120 ബി ഗൂഢാലോചന, 449 ഭവനഭേദനം, 321 ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, 342 തടഞ്ഞു വയ്ക്കൽ, 506 രണ്ട് ഭീഷണിപ്പെടുത്തൽ, 427 നാശനഷ്മുണ്ടാക്കൽ, 201 തെളിവുനശിപ്പിക്കൽ, 34 പൊതു ഉദ്ദേശത്തോടെ സംഘംചേരുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ മറ്റൊരു സമുദായത്തിലുള്ള തെന്മലസ്വദേശിനിയായ നീനു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ വിരോധത്തിൽ പിതാവ് ചാക്കോയും, സഹോദരൻ ഷാനു ചാക്കോയും അടങ്ങിയ സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് കേസ്.
2019 ഏപ്രിൽ 26-ന് വിചാരണ തുടങ്ങിയ കേസ് 90 ദിവസം തുടർ്ച്ചയായി വിചാരണ നടത്തിയതാണ് വിധിയിലേയ്ക്ക് എത്തിയിരിക്കുന്നത്. നീനുവും അനീഷും അടക്കം കേസിൽ 113 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ആറു സാക്ഷികൾ കൂറുമാറിയിരുന്നു. 238 പ്രമാണങ്ങളും 55 മുതലുകളുമാണ് കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചത്.
മാന്നാനം അമലഗിരി ബി.കെ കോളേജിൽ ബിരുദ പഠനത്തിന് എത്തിയ നീനുവിനെ കെവിൻ പ്രണയിക്കുകയായിരുന്നുവെന്ന് കണ്ടതിനെ തുടർന്ന് പ്രണയത്തിൽ നിന്നു പിൻമാറുന്നതിനായി പ്രതികൾ ചേർന്ന് കെവിനെയും സുഹൃത്തായ അനീഷിനെയും തട്ടിക്കൊണ്ടു പോയി വാഹനത്തിനുള്ളിൽ വച്ച് അക്രമിച്ച് കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
കേസിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിലെ ഹൗസ് ഓഫിസർ എസ്.ഐ എം.എസ് ഷിബു, എ.എസ്.ഐ ടി.എം ബിജു എന്നിവർ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. സംഭവ ദിവസം ഗാന്ധിനഗർ സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന ജിഡി ചാർജ് സണ്ണിമോനെയും ഡ്രൈവർ അജയകുമാറിനെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. മേൽനോട്ട വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം മുഹമ്മദ് റഫീഖിനെയും, ഡിവൈഎസ്പിയായിരുന്ന ഷാജിമോൻ ജോസഫിനെയും സ്ഥലം മാറ്റിയിരുന്നു. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂ്ട്ടർ അഡ്വ.സി.എസ് അജയനാണ് കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.