ചോരത്തിളപ്പും, ആവേശവും ഒത്തു ചേർന്നു: കെവിന്റെ മരണത്തോടെ തകർന്നത് 16 കുടുംബങ്ങൾ: ഒന്നുമറിയാത്ത രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതവും ഒരു പ്രണയത്തിൽ തകർന്ന് തരിപ്പണമായി
സ്വന്തം ലേഖകൻ
കോട്ടയം: ചോരത്തിളപ്പും ആവേശവും സൗഹൃദത്തിന്റെ ആത്മാർത്ഥതയും ഒത്തു ചേർന്നതോടെ കെവിൻ കേസിൽ തകർന്നത് 16 കുടുംബങ്ങൾ. കേസിൽ പ്രതി ചേർക്കപ്പെട്ട 14 പേർക്കൊപ്പം, കെവിന്റെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളാണ് കെവിന്റെയും നീനുവിന്റെയും പ്രണയത്തിന്റെ പേരിൽ തകർന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം ഇരുവരും അനുഭവിക്കട്ടെ എന്ന് കരുതിയിരുന്നെങ്കിൽ തീരാമായിരുന്ന പ്രശ്‌നമാണ് കുടുംബവും സഹോദരനും അഭിമാന പ്രശ്‌നമായി ഏറ്റെടുത്തതിലൂടെ വഷളായി മാറിയത്.
2018 മേയ് 27 നാണ് എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിൻ പി.ജോസഫിനെ കാമുകി നീനുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് കൊലപ്പെടുത്തി പുനലൂർ ചാലിയേക്കരയിലെ തോട്ടിൽ തള്ളുന്നത്. ഇതിന് കൃത്യം അഞ്ചു മാസം മുൻപാണ് അമലഗിരി ബികെ കോളേജിൽ പഠിക്കാനെത്തുന്ന പുനലൂർ സ്വദേശി നീനു ചാക്കോയും കെവിനും തമ്മിൽ പ്രണയത്തിലാകുന്നത്. പ്രണയ ബന്ധം വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് കെവിനൊപ്പം നീനു ഇറങ്ങിപ്പോരുകയായിരുന്നു. തുടർന്നാണ് കെവിനെ തേടി നീനുവിന്റെ ബന്ധുക്കൾ ഇറങ്ങുന്നതും സംഭവം കൊലപാതകത്തിലേയ്ക്ക് കലാശിക്കുന്നതും.
കേസിൽ ഉൾപ്പെട്ട 14 പ്രതികളിൽ നീനുവിന്റെ പിതാവ് ചാക്കോ ഒഴികെ ബാക്കി എല്ലാ പ്രതികൾക്കും മുപ്പതിൽ താഴെ മാത്രമായിരുന്നു പ്രായം. മൂന്നു വാഹനങ്ങളിലായി പ്രതികൾ കോട്ടയത്തേയ്ക്ക് പോരുന്നത് അറിഞ്ഞ് വാഹനം ഓടിക്കാനുള്ള ഇഷ്ടത്തിന്റെ പേരിൽ മാത്രം സംഘത്തോടൊപ്പം കൂടിയവർ പോലും പ്രതികളായി മാറി. നീനു കെവിനൊപ്പം പോയത് അഭിമാന പ്രശ്‌നമായാണ് കേസിലെ പ്രതികളെല്ലാം കണ്ടത്. കേസിലെ ആദ്യ നാലു പ്രതികളാണ് യഥാർത്ഥത്തിൽ ഗുഡാലോചനയിൽ പങ്കാളികളായിരുന്നത്. എന്തിനാണ് പോകുന്നത്, എന്താണ് ലക്ഷ്യം എന്നത് വ്യക്തമായി അറിയാവുന്നത് ഇവർക്ക് മാത്രമായിരുന്നു.
ഈ യുവത്വത്തിന്റെ ആവേശം കുടുംബങ്ങളെ തന്നെ തകർത്ത് കളയുകയായിരുന്നു. കെവിൻ കൊല്ലപ്പെട്ടതോടെ ഇല്ലാതെയായത് എസ്എച്ച് മൗണ്ടിലെ ഒരു കുടുംബത്തിന്റെ ഏക ആൺതുണയായിരുന്നു. ജോസഫിന്റെ ഏക മകനാണ് കൊല്ലപ്പെട്ട കെവിൻ. നീനുവിന്റെ പിതാവ് ചാക്കോയും, സഹോദരൻ ഷാനുവും ജയിലിലായതോടെ വീട്ടിൽ ആകെ ബാക്കിയായത് നീനുവിന്റെ മാതാവ് രഹന മാത്രമായിരുന്നു. കേസിൽ ബാക്കിയുണ്ടായിരുന്ന 12 പ്രതികളുടെയും കുടുംബം വളരെ കഷ്ടപ്പെട്ട സാഹചര്യങ്ങളിൽ കഴിയുന്നവരും ആയിരുന്നു. ഒരു പ്രണയത്തിന്റെ പേരിൽ ഇവരുടെ കുടുംബങ്ങളും തകരുകയായിരുന്നു.
നിയമപരമായ നടപടികൾ എല്ലാം എടുത്തിട്ടും, ഒരു നിമിഷത്തെ അശ്രദ്ധയുടെ പേരിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ എം.എസ് ഷിബുവിന്റെ ജോലി നഷ്ടമാക്കിയത്. കൈക്കൂലി വാങ്ങിയതോടെയാണ് ടി.എം ബിജുവിനും സർവീസിൽ നിന്നും പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞത്.