play-sharp-fill
കെവിൻ കേസിൽ എസ്.ഐയെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു: ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ; നടപടി കെവിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന്

കെവിൻ കേസിൽ എസ്.ഐയെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു: ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ; നടപടി കെവിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന്

സ്വന്തം ലേഖകൻ
കോട്ടയം: കെവിൻ കേസിൽ രണ്ടു ദിവസം മുൻപ് സർവീസിൽ തിരിച്ചെടുത്ത ഗാന്ധിനഗർ എസ്.ഐആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എസ് ഷിബുവിനെ തിരിച്ചെടുത്ത നടപടി ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ എസ്.ഐ ആയി ഷിബുവിനെ ഇടുക്കിയിൽ നിയമിച്ച നടപടിയും സർക്കാർ മരവിപ്പിച്ചു.
കെവിൻ കേസിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ച് വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ഷിബു കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറയ്ക്ക് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ തിരികെ സർവീസിൽ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ മേഖലകളിൽ നിന്നും ഉയർന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ ഷിബുവിനെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിക്കാൻ ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഷിബുവിന്റെ സസ്‌പെൻഷൻ നടപടി തുടരും. ഇടുക്കിയിൽ ജോയിൻ ചെയ്യാൻ എത്തിയ ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ സസ്‌പെൻഷൻ നടപടി തുടരുമെന്ന് തീരുമാനിച്ചിരിക്കുന്നത്.
കെവിൻ കേസിൽ ഗുരുതരമായ വീഴ്ച എസ്.ഐ എം.എസ് ഷിബു വരുത്തിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഷിബുവിനെ തിരിച്ചെടുത്ത നടപടിയിൽ വൻ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നത്. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻചാണ്ടി എന്നിവർ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കെവിന്റെ കൊലപാതകത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ തന്നെയാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന തീരുമാനം സർക്കാർ എടുത്തത്. ഇത് വിവാദമായതോടെയാണ് തീരുമാനം തിരുത്താൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.