play-sharp-fill
കെവിൻകേസ് പ്രതികൾക്ക് ജീവിതാവസാനം വരെ ജയിലോ..?

കെവിൻകേസ് പ്രതികൾക്ക് ജീവിതാവസാനം വരെ ജയിലോ..?

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ കേസിൽ ഇരട്ടജീവപര്യം തടവിന് ശിക്ഷിക്കപ്പെട്ട പത്തു പ്രതികളും ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരുമോ..? ഇരട്ടജീവപര്യന്തം എന്നത് നിയമപുസ്തകങ്ങൾ പ്രകാരം മരണം വരെ ജയിലാണ് വിഭാവനം ചെയ്യുന്നത്. അടുത്തിടെ പുറത്ത് വന്ന സുപ്രീം കോടതി വിധികളിലും ജീവപര്യന്തം തടവിൽ ശിക്ഷിക്കുന്ന ജഡ്ജി പ്രത്യേക കാലാവധി പറഞ്ഞിട്ടില്ലെങ്കിൽ മരണം വരെയെന്ന് കണക്ക് കൂട്ടുന്നു. എന്നാൽ, ജയിലിൽ പ്രതികളുടെ സ്വഭാവവും സർക്കാരിന്റെ കാരുണ്യവും അനുകൂലമായാൽ 14 വർഷം കഴിഞ്ഞ് പുറത്തിറങ്ങാനാകുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് ജീവപര്യന്തം ശിക്ഷ ജീവിതാവസാനംവരെ തടവ് എന്നാണെങ്കിലും സർക്കാർ ഇടപെട്ട് പുറത്തിറക്കാം.
ജീവപര്യന്തം തടവ് കേസുകളിൽ 14 വർഷത്തിന് ശേഷം തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. കെവിൻ കേസിൽ ഇരട്ടജീവപര്യന്തം ഉൾപ്പെടെ ഒന്നിലേറെ തടവു ശിക്ഷകൾ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഒരു ജീവപര്യന്തം കാലയളവിലെ ശിക്ഷ അനുഭവിച്ചാൽ മതി. മാനസാന്തര സാഹചര്യമുണ്ടെന്ന് ബോദ്ധ്യപ്പെടുകയും നല്ലനടപ്പാണെന്ന് കണ്ടെത്തി ജയിൽ അധികൃതർ റിപ്പോർട്ട് നൽകുകയും ചെയ്താൽ 14 വർഷത്തിന് ശേഷം സർക്കാരിന് ഇടപെടാം. എന്നാൽ, എല്ലാ കേസുകളിലും ഇടപെടലുണ്ടാകണമെന്നുമില്ല. പ്രവീൺ വധക്കേസിൽ ഡിവൈ.എസ്.പി ഷാജി നിശ്ചിത കാലാവധിക്ക് ശേഷവും ജയിലിൽ കഴിയുന്നത് ഇത്തരം വാദത്തിനെതിരായി നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.


ഇതുവരെ റിമാൻഡിൽ കഴിഞ്ഞ കാലാവധി, പൊതു അവധി ദിവസങ്ങൾ, ഞായറാഴ്ചകൾ എന്നിവ പരിഗണിച്ചാൽ 14 വർഷത്തിന് മുമ്പേ സർക്കാരിന് മുന്നിൽ ഇവർക്കെത്താമെന്നും നിയമവിദഗ്ദ്ധർ സൂചന നൽകുന്നു. സർക്കാർ കനിഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഉള്ളിൽ കിടക്കേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group