കെവിൻ കേസിൽ രാത്രിയിൽ ഫോൺ എടുത്തില്ല: എസ്.ഐയുടെ പണി പോയത് ഇങ്ങനെ:  ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ചു വിട്ടു; കണ്ടെത്തിയത് മരണ കാരണമാകുന്ന ഗുരുതര കൃത്യവിലോപം

കെവിൻ കേസിൽ രാത്രിയിൽ ഫോൺ എടുത്തില്ല: എസ്.ഐയുടെ പണി പോയത് ഇങ്ങനെ: ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ചു വിട്ടു; കണ്ടെത്തിയത് മരണ കാരണമാകുന്ന ഗുരുതര കൃത്യവിലോപം

ക്രൈ ഡെസ്‌ക് 

കോട്ടയം: കെവിൻകേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. ഷിബുവിനെ പിരിച്ച് വിടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ടെർമിനേഷൻ നോട്ടീസ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കൈമാറി. നോട്ടീസ് ഷിബു കൈപ്പറ്റിയിട്ടുണ്ട്. ഈ നോട്ടീസിനു മറുപടി നൽകിയ ശേഷം പിരിച്ചു വിടൽ പ്രാബല്യത്തിൽ വരും. കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് പിരിച്ചു വിടപ്പെടുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഷിബു. നേരത്തെ കേസിൽ കുടുങ്ങിയ ഗാന്ധിനഗർ സ്‌റ്റേഷനിലെ എ.എസ്.ഐ ടി.എം ബിജു (ബിസ്‌ക്കറ്റ് ബിജു) വിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. രണ്ടു ദിവസം മുൻപാണ് ബിജുവിന്റെ പിരിച്ചു വിടൽ നടപ്പായത്. 


കെവിൻ കേസിൽ പൊലീസുകാർക്കുണ്ടായ വീഴ്ച അന്വേഷിക്കുന്നതിനായി കോട്ടയം അഡ്മിനസ്‌ട്രേറ്റ് ഡിവൈഎസ്പിയായ വിനോദ് പിള്ളയ്ക്ക് കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കേസ് അന്വേഷിച്ച വിനോദ് പിള്ള മൂന്നു മാസം മുൻപാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഐജിയ്ക്ക് റിപ്പോർട്ട് നൽകിയത്. സംഭവ സമയത്ത് ഗാന്ധിനഗർ സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ്.ഐ എം.എസ് ഷിബു, അന്ന് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.എം ബിജു എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നത്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷിബുവിന് പിരിച്ചു വിടൽ നോട്ടീസ് നൽകാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് ഐജി നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഷിബുവിന് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റിയ ശേഷം രണ്ടാഴ്ച മറുപടി നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. നോട്ടീസിന്റെ മറുപടി എന്തായാലും ഇനി കൂടുതൽ സമയം ഷിബുവിന് ലഭിക്കില്ല. നിലവിൽ സർവീസിൽ നിന്നു പിരിച്ചു വിടൽ തന്നെയാണ് ഷിബുവിനെ കാത്തിരിക്കുന്നത്. 
മരണകാരണമായ ഗുരുതര കൃത്യവിലോപം ഷിബുവിന്റെ ഭാഗത്തു നിന്നും ഉണ്ടായതായാണ് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് തന്നെ ഇത്തരത്തിൽ ഗുരുതരകൃത്യവിലോപം കാട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കെവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ രാത്രിയിൽ തന്നെ പല തവണ സഹപ്രവർത്തകരും, സ്റ്റേഷനിൽ നിന്നും ഫോണിൽ വിളിച്ചിട്ടും എസ്.ഐ എം.എസ് ഷിബു ഫോൺ എടുത്തിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഷിബുവിനെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നത്. 
കഴിഞ്ഞ വർഷം മെയ് 27 ന് അർധരാത്രിയിലാണ് എസ്.എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫിന്റെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ തള്ളിയത്. പുനലൂർ സ്വദേശിയും കാമുകിയുമായ നീനുവിന്റെ പിതാവും സഹോദരനും ക്വട്ടേഷൻ സംഘവും ചേർന്നാണ് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി തോട്ടിൽ തള്ളിയത്. കേസിൽ വിചാരണ ദുരഭിമാനകൊലപാതമെന്ന രീതിയിൽ തന്നെ നടത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷവിധിക്കുന്ന രീതിയിലാണ് കേസ് പുരോഗമിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ കേസിൽ അകപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിരിക്കുന്നത്. കെവിന്റെ കാമുകി നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവർ അടക്കം 14 പ്രതികളാണ് നിലവിൽ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.