play-sharp-fill
കെവിൻ കേസ്: പൊലീസിൽ കൂട്ട നടപടി; കൈക്കൂലിക്കേസിൽ എ.എസ്.ഐ ബിജുവിനെ പിരിച്ചു വിട്ടു: എസ്.ഐ ഷിബുവിനെതിരെ നടപടി ഉടൻ

കെവിൻ കേസ്: പൊലീസിൽ കൂട്ട നടപടി; കൈക്കൂലിക്കേസിൽ എ.എസ്.ഐ ബിജുവിനെ പിരിച്ചു വിട്ടു: എസ്.ഐ ഷിബുവിനെതിരെ നടപടി ഉടൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രണയബന്ധത്തിൽ നിന്നു പിൻമാറണമെന്നാവശ്യപ്പെട്ട് കാമുകിയുടെ ബന്ധുക്കളും ക്വട്ടേഷൻ സംഘവും ചേർന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിൻ കേസിന്റെ പേരിൽ പൊലീസിൽ കൂട്ട നടപടി. ഒരു എ.എസ്.ഐയെ സർവീസിൽ നിന്നു പിരിച്ചു വിട്ടതിനു പിന്നാലെ, സംഭവ സമയത്ത് സ്‌റ്റേഷൻ ചാർജുണ്ടായിരുന്ന എസ്.ഐയ്‌ക്കെതിരെയും നടപടി ഉറപ്പായി. ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ എം.എസ് ഷിബു, എ.എസ്.ഐ ടി.എം ബിജു (ബിസ്‌ക്കറ്റ് ബിജു), ഡ്രൈവർ സിപിഒ അജയകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. സംഭവ ദിവസം സ്റ്റേഷനിൽ ജിഡി ചാർജുണ്ടായിരുന്ന എ.എസ്.ഐ സണ്ണിമോനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. എസ്.ഐ ഷിബുവും, എ.എസ്.ഐ ബിജുവും അജയകുമാറും ഇപ്പോഴും സസ്‌പെൻഷനിലാണ്.


കഴിഞ്ഞ മേയ് 27 നായിരുന്നു മാന്നാനം പള്ളിത്താഴെയുള്ള വീട്ടിൽ നിന്നും നട്ടാശേരി എസ്.എച്ച്. മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫി(23)നെയും ബന്ധുവായ അനീഷിനെയും, കെവിന്റെ കാമുകി നീനുവിന്റെ ബന്ധുക്കൾ അടങ്ങുന്ന ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി പുനലൂർ തെന്മല റൂട്ടിൽ ചാലിയേക്കര തോട്ടിൽ തള്ളിയത്. സംഭവം ദിവസം രാത്രിയിൽ നൈറ്റ് പെട്രോളിംഗ് ഡ്യൂ്ട്ടിയിലുണ്ടായിരുന്ന ബിജു, ക്വട്ടേഷൻ സംഘത്തിനൊപ്പമെത്തിയ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയിൽ നിന്നും കൈക്കൂലി വാ്ങ്ങിയെന്നായിരുന്നു കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ രക്ഷപെടാൻ സഹായിച്ചെന്നും, കൈക്കൂലി വാ്ങ്ങിയെന്നും ആരോപണം ഉയർന്നതിനെ തുടർന്നാണ് ബിജുവിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തതും, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.


തുടർന്ന് കഴിഞ്ഞ ജൂൺ അഞ്ചിനു പൊലീസുകാരുടെ വീഴ്ച സംബന്ധിച്ചു അന്വേഷണം നടത്താൻ ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയ്ക്ക് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർദേശം നൽകി. ഇതിന്റെ ഭാഗമായി കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വീഴ്ച വരുത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന എസ്.ഐ എം.എസ് ഷിബു, ജി.ഡി ചാർജ് എ.എസ്.ഐ സണ്ണിമോൻ, നൈറ്റ് പെട്രോളിംഗ് ചുമതലയുള്ള എ.എസ്.ഐ ടി.എം ബിജു, ഡ്രൈവർ സി.പി.ഒ അജയകുമാർ എന്നിവർക്ക് കേസിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കുറ്റാരോപണ മെമ്മോ നൽകി.


കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസുകാർക്ക് വീഴ്ചയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരെ സേനയിൽ നിന്നും പിരിച്ചു വിടാനുള്ള നടപടികളുടെ ഭാഗമായാണ് രണ്ടാം ഘട്ടമായി വിശദമായ അന്വേഷണം നടത്തിയത്. കുറ്റാരോപണമെമ്മോയ്ക്ക് മറുപടിയായി പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴി രേഖപ്പെടുത്തി. തുടർന്ന് സംഭവ ദിവസം സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തി. തുടർന്നാണ് മൂന്നു ദിവസം മുൻപ് റിപ്പോർട്ട് ഡിവൈഎസ്പി വിനോദ് പിള്ള സമർപ്പിച്ചത്.

എ.എസ്.ഐ ടി.എം ബിജു കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്നാണ് ഇയാളെ പിരിച്ചു വിടാൻ നടപടി എടുക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. സംഭവ ദിവസം നൈറ്റ് പെട്രോളിംഗിന്റെ ചുമതലയാണ് ബിജുവിനുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ അജയകുമാറിനും വീഴ്ച വന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഓഫിസൽ കൈക്കൂലി വാങ്ങിയതായി അറിഞ്ഞിട്ടും, ഇയാളുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടും മറച്ചു വച്ചതിനാണ് അജയകുമാറിനെതിരെ നടപടി. കൃത്യമായി വിവരം മേൽ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജുവിനെ പിരിച്ചു വിടുന്നതിനു നോട്ടീസ് നൽകിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഈ നോട്ടീസിനു ബിജുവിന്റെ മറുപടി ലഭിച്ചാലുടൻ പിരിച്ചു വിടൽ പ്രാബല്യത്തിൽ വരും. ഇനി പൊലീസിലെ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ് പൂർത്തിയാകാനുള്ളതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഡ്രൈവർ സിപിഒ അജയകുമാറിന്റെ രണ്ടു വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്.ഐ ഷിബുവിനെതിരായ അന്വേഷണ റിപ്പോർട്ട് ഐജി വിജയ് സാഖറെ പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷം ഇദ്ദേഹത്തിനെതിരെയും നടപടിയുണ്ടാകും.