play-sharp-fill
കെവിൻകേസിൽ ശിക്ഷാവിധിയിൽ വാദം ഇന്ന്: പ്രതികളെ കാത്തിരിക്കുന്നത് വധ ശിക്ഷയോ..? നിർണ്ണായക വിധി ദിനത്തിനായി കാത്ത് കേരളം

കെവിൻകേസിൽ ശിക്ഷാവിധിയിൽ വാദം ഇന്ന്: പ്രതികളെ കാത്തിരിക്കുന്നത് വധ ശിക്ഷയോ..? നിർണ്ണായക വിധി ദിനത്തിനായി കാത്ത് കേരളം

സ്വന്തം ലേഖകൻ

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിൻ കേസിൽ നിർണ്ണായകമായ വിധി ദിനം ഇന്ന്. കഴിഞ്ഞ ദിവസം കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസിലെ പത്തു പ്രതികൾക്ക് എന്തു ശിക്ഷ നൽകണമെന്നതു സംബന്ധിച്ച് ഇന്ന് വാദം കേൾക്കും. ഇതിനു ശേഷം ഇന്നു തന്നെ വിധിയുണ്ടാകുമോ എന്നതാണ് ഇപ്പോൾ കേരളം ഉറ്റു നോക്കുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്തു പ്രതികളിൽ ആദ്യത്തെ നാലു പേർക്കെതിരെ രണ്ട് ഗുഡാലോചനകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവർക്ക് വധ ശിക്ഷ വരെ ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് സൂചന. അപൂർവങ്ങളിൽ അപൂർവമായ ദുരഭിമാന കൊലപാതകമായതിനാൽ തന്നെ നാലു പ്രതികൾക്കും വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്് പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ വാദിക്കും.
കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 10 പേർ കുറ്റക്കാരാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു.
നീനുവിൻറെ സഹോദരൻ സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി. നിയാസ് മോൻ, ഇഷാൻ ഇസ്മയിൽ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജ്ജാദ്, എൻ നിഷാദ്, ടിറ്റു ജെറോം, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവരാണ് മറ്റു പ്രചതികൾ. എല്ലാ പ്രതികൾക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശൽ, കൊല്ലുമെന്ന ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
സാനു ചാക്കോ, നിയാസ് മോൻ, റിയാസ് ഇബ്രാഹിം കുട്ടി എന്നിവർക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവുമുണ്ട്. ഏഴാം പ്രതി ഷിഫിൻ സജ്ജാദിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം അധികമായി ചുമത്തി. എട്ടാം പ്രതി നിഷാദും പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാനുമാണ് കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചത്. കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.
അതേസമയം, പ്രതികളുടെ പ്രായം കണക്കിലെടുത്തും സ്ഥിരം കുറ്റവാളികൾ അല്ലാത്തതിനാലും ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം വാദിക്കും. ശിക്ഷാ വിധിയുണ്ടായാൽ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. ദുരഭിമാനക്കൊലയ്ക്ക് പ്രത്യേക ശിക്ഷയില്ല. എന്നാൽ അത്തരം കേസുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമായി കണ്ട് പരമാവധി ശിക്ഷ നൽകിയ ചരിത്രമാണുള്ളത്.