ഒറ്റ ദിവസം കൊണ്ട് ഒരു വണ്ടി സ്‌നേഹം..! ദുരിത ബാധിതർക്ക് കൈത്താങ്ങായി ഒരു വണ്ടി സാധനങ്ങളുമായി കോട്ടയം ജില്ലാ പൊലീസ് വയനാട്ടിലേയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കാക്കിയിട്ട നന്മയുടെ പ്രതീകങ്ങളായ ഒരു പറ്റം മനുഷ്യരുടെ സ്‌നേഹമാണ് ചൊവ്വാഴ്ച വൈകിട്ട് കോട്ടയത്തു നിന്നും വയനാട്ടിലേയ്ക്ക് വണ്ടി കയറിയത്. പ്രളയ ബാധിതർക്കായി ഒരൊറ്റ ദിവസം കൊണ്ടു ജില്ലാ പൊലീസ് സമാഹരിച്ച ഒരു വണ്ടി സാധനങ്ങളാണ് കഴിഞ്ഞ ദിവസം ജില്ലയിൽ നിന്നും പുറപ്പെട്ടത്.
ഒറ്റ ദിവസംകൊണ്ട് ജില്ലയിലെ സ്റ്റേഷനുകളിൽ നിന്നും പോലീസ് അനുബന്ധ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച സാധന സാമഗ്രികൾ അടങ്ങിയ വാഹനമാണ് ജില്ല കളക്ടർ പി.കെ സുധീർബാബു ചൊവ്വാഴ്ച വൈകിട്ട് ഏഴിന് കളക്ടറേറ്റ് വളപ്പിൽ ഫ്‌ലാഗ്ഓഫ് ചെയ്തത്. നിത്യോപയോഗ സാധനങ്ങളായ അരി, പയർ, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള തുണിത്തരങ്ങളും സ്ത്രീകൾക്കുള്ള അണ്ടർ ഗാർമെന്റ്‌സ്, നാപ്കിൻസ്, കുട്ടികൾക്കുള്ള ഡയെപ്പർ, ക്‌ളീനിംഗിനുള്ള ലോഷൻസ്, സോപ്പ് തുടങ്ങിയവയും അത്യാവശ്യ മരുന്നുകളും അടങ്ങിയ ലിസ്റ്റ് ജില്ലാ പോലീസ് മേധാവി പി.എസ് സാബു ജില്ലാ കളക്ടർക്കു കൈമാറി. ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശേഖരിച്ച വസ്തുക്കളുമായി പോലീസ് വാഹനം രാത്രി 7 മണിക്ക് കളക്ട്രേറ്റിൽ നിന്നും യാത്ര തിരിച്ചു. കോട്ടയം ജില്ലാ അഡീഷണൽ എസ് പി എ നസിം, സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പാർത്ഥ സാരഥി പിള്ള, കോട്ടയം ഡി വൈ എസ് പി ആർ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Third Eye News Live
0