play-sharp-fill
കെവിൻ കേസിന്റെ വാർഷികത്തിൽ ഞെട്ടിക്കുന്ന വാർത്ത: മുഖ്യമന്ത്രിയെ പഴിപറഞ്ഞ് കെവിനെ കൊലയ്ക്ക് കൊടുത്ത എസ്.ഐയെ സർവീസിൽ തിരിച്ചെടുത്തു; ഒരു വർഷം നീണ്ടു നിന്ന സസ്‌പെൻഷൻ പിൻവലിച്ചത് അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ

കെവിൻ കേസിന്റെ വാർഷികത്തിൽ ഞെട്ടിക്കുന്ന വാർത്ത: മുഖ്യമന്ത്രിയെ പഴിപറഞ്ഞ് കെവിനെ കൊലയ്ക്ക് കൊടുത്ത എസ്.ഐയെ സർവീസിൽ തിരിച്ചെടുത്തു; ഒരു വർഷം നീണ്ടു നിന്ന സസ്‌പെൻഷൻ പിൻവലിച്ചത് അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ

തേർഡ് ഐ ബ്യൂറോ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ കെവിനെ കൊലയ്ക്ക് കൊടുത്ത ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. സർവീസിൽ നിന്നും പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്ന ഷിബുവിനെ അപ്രതീക്ഷിതമായാണ് സർവീസിൽ തിരിച്ചെടുക്കുന്നത്. ഷിബുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും പോസ്റ്റിംഗ് എവിടെയാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പിരിച്ചു വിടാൻ പര്യാപ്തമായ കുറ്റമൊന്നും ഷിബു ചെയ്തതായി കണ്ടെത്തിയിട്ടില്ലെങ്കിലും, ഇദ്ദേഹത്തിന് വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ സാഹചര്യത്തിൽ ഷിബുവിനെ ക്രമസമാധാന പരിപാലനത്തിൽ നിന്നും മാറ്റി നിർത്തുന്നത് അടക്കമുള്ള തുടർ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന ലഭിക്കുന്നത്.
കഴിഞ്ഞ വർഷം മേയ് 28 നാണ് കെവിൻ കേസിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയ എം.എസ് ഷിബുവിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്. കെവിൻ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് ഷിബുവിനെ സർവീസിൽ നിന്നും നീക്കിയത്. കൃത്യം ഒരു വർഷമായ മേയ് 28 ന് തന്നെ ഇദ്ദേഹത്തെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവും പുറത്തു വന്നു.
നേരത്തെ കെവിൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പിഴവുകൾ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. എസ്.ഐ എം.എസ് ഷിബു, എ.എസ്.ഐമാരായ സണ്ണിമോൻ, ബിസ്‌ക്കറ്റ് ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർക്കെതിരെയാണ് വിനോദ്് പിള്ള അന്വേഷണം നടത്തിയത്. തുടർന്ന് വിനോദ്പിള്ള ഐജി വിജയ് സാഖറയ്ക്ക് റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
തുടർന്ന് ഷിബുവീനും ബിജുവിനും പിരിച്ചുവിടൽ നോട്ടീസ് നൽകുകയായിരുന്നു. ഇരുവരും തിരികെ വിശദീകരണം നൽകി. എന്നാൽ, ബിജുവിന്റെ വിശദീകരണത്തിൽ തൃപ്തനാകാതെ ഐജിയുടെ നിർദേശാനുസരണം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ബിജുവിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. ഈ നോട്ടീസിനു മറുപടിയായി ഷിബു നൽകിയ വിശദീകരണം തൃപ്തികരമാണെന്നാണ് ഐജി വിജയ് സാഖറെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഷിബുവിനെ സർവീസിൽ തിരികെ എടുക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.  എന്നാൽ, വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ ഷിബുവിനെതിരായ അച്ചടക്ക നടപടികൾ സംബന്ധിച്ചു പിന്നീട് തീരുമാനം ഉണ്ടാകും. ഇതു സംബന്ധിച്ചും ഐജി വിജയ് സാഖറെയാണ് തീരുമാനം എടുക്കേണ്ടത്.
ലോ ആൻഡ് ഓർഡറിൽ നിന്നു മാറ്റി നിർത്തുകയോ, അപ്രധാനമായ തസ്തികയിലേയ്ക്കു മാറ്റുകയോ അടക്കമുള്ള നടപടികൾ ഷിബുവിനെതിരെ ഇനി ഉണ്ടാകാം.