ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സേവനം തേടുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസിനെ സഹായിക്കുന്നതിന് വിരമിച്ച സൈനികര്‍, അര്‍ദ്ധസൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായം തേടാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.
ഇത്തരം വിരമിച്ച ആരോഗ്യവാന്‍മാരായ ഉദ്യോഗസ്ഥരെ സ്റ്റേഷന്‍ ഹൗസ്സ് ഓഫീസര്‍മാര്‍ കണ്ടെത്തി അവര്‍ക്ക് താല്‍പര്യമുളളപക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സന്നദ്ധപ്രവര്‍ത്തകരായി പങ്കെടുപ്പിക്കേണ്ടതാണ്. കഴിയുന്നതും അവരവരുടെ താമസസ്ഥലത്തിന് സമീപമുളള ദുരന്തമേഖലകളില്‍ തന്നെ ഇവരെ നിയോഗിക്കേണ്ടതാണ്. അവര്‍ക്ക് അതത് സ്ഥലത്തെക്കുറിച്ചുളള അറിവും നാട്ടുകാരോടുളള പരിചയവും രക്ഷാപ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി മുന്നോട്ടുവരുന്ന വനിതകളുടെ സേവനം പ്രയോജനപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ പരമാവധി ഉപകരണങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് പോലീസ് നേരിട്ട് ശേഖരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ ഇനിയും ആവശ്യമായി വരുന്നപക്ഷം നാട്ടുകാരുടെ സഹായത്തോടെ അവ സംഘടിപ്പിക്കണം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കയ്യില്‍ കരുതുന്നത് മുന്നറിയിപ്പുകളും സന്ദേശങ്ങളും അറിയാന്‍ സഹായകമാകും. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനും ഇത് സഹായിക്കും. അപകടസാധ്യത ഉള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും കൂടിനില്‍ക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കി അവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണം. വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാന്‍ കഴിയാത്തവര്‍ അവയെ കയറഴിച്ചുവിട്ട് രക്ഷപ്പെടാന്‍ അനുവദിക്കണം. അപകടസാധ്യതയുള്ള മേഖലകളില്‍ സ്വയരക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുവേണം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.