‘1300 പൊലീസുകാര്‍; ബോംബ് സ്‌ക്വാഡും മഫ്തിക്കൊപ്പം ഷാഡോയും; കൂടാതെ ഡ്രോണുകളും ക്യാമറകളും’; ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊലീസ് പട്രോളിംഗ് ; വൻസുരക്ഷയില്‍ തലസ്ഥാനം….
തിരുവനന്തപുരം: കേരളീയം പരിപാടി സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കാന്‍ വന്‍ സന്നാഹങ്ങളുമായി പൊലീസ്.
1,300 പൊലീസ് ഉദ്യോഗസ്ഥരെയും 300 എന്‍.സി.സി വോളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാപദ്ധതിയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുള്ളത്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നാല് എസ്.പി, 11 എ.സി.പി, 25 ഇന്‍സ്പെക്ടര്‍, 135 എസ്.ഐ, 905 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, 242 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 300 എന്‍.സി.സി വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്ന വന്‍സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എല്ലാ വേദികളിലും ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. മഫ്തി പൊലിസ് ഉദ്യോഗസ്ഥരോടൊപ്പം ഷാഡോ പൊലിസിന്റെ സേവനവും എല്ലാ വേദികളിലും ഉറപ്പുവരുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷ ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നാല് ഡ്രോണുകള്‍ സദാ നിരീക്ഷണം നടത്തുന്നുണ്ട്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രധാന വേദികളിലും മറ്റു വേദികളിലും പൊലീസിന്റെയും സ്മാര്‍ട്ട് സിറ്റിയുടെയും സ്ഥിരം ക്യാമറകളും 270 താത്കാലിക സി.സി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
താത്ക്കാലിക ക്യാമറാ ദൃശ്യങ്ങള്‍ കനകക്കുന്നിലും പുത്തരിക്കണ്ടത്തുമുള്ള പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് തത്സമയം കാണാനുമാകും.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രധാന വീഥിയുമായി ചേരുന്ന എല്ലാ റോഡുകളിലും പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. എല്ലാ പ്രധാന വേദികളിലും പൊലിസ് എയിഡ് പോസ്റ്റും കനകക്കുന്ന്, പുത്തരിക്കണ്ടം എന്നിവിടങ്ങളില്‍ രണ്ട് സ്പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
കേരളീയത്തിലെ സന്ദര്‍ശകര്‍ക്ക് സൗജന്യയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന 20 കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഇലക്‌ട്രിക് ബസുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ നിയോഗിച്ചിട്ടുണ്ട്.