
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസി(ബി)ന് ഇടതു മുന്നണിയില്‍ കൂടുതല്‍ പരിഗണന കൊടുക്കാന്‍ സി.പി.എം. തയാറായേക്കും.
മത്സരിക്കാന്‍ കൂടുതല്‍ സീറ്റും അനുവദിക്കും. തിരുവനന്തപുരത്തും കൊല്ലത്തും സീറ്റ് കിട്ടാനാണു സാധ്യത. നിലവില്‍ ഒറ്റ എം.എല്‍.എയാണ് പാര്‍ട്ടിക്കുള്ളത്.
യു.ഡി.എഫുമായി പിണങ്ങി ആര്‍. ബാലകൃഷ്‌ണപിള്ളയും മകന്‍ കെ.ബി. ഗണേഷ് കുമാറും ഇടതു പക്ഷത്തേക്കു വന്നപ്പോള്‍ സി.പി.എം. ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ നിയമസഭയിലേക്കു മത്സരിക്കാന്‍ പത്തനാപുരം സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നല്‍കിയത്. ആര്‍. ബാലകൃഷ്‌ണപിളളയെ കാബിനറ്റ് പദവിയില്‍ മുന്നോക്ക ക്ഷേമ നിധി കോര്‍പ്പറേഷനില്‍ ചെയര്‍മാനാക്കുകയും ചെയ്‌തു.
ആദ്യ പിണറായി സര്‍ക്കാരില്‍ ഗണേഷിനെ മന്ത്രിയാക്കിയിരുന്നില്ല. അന്ന് പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തിരുന്നില്ല. പിന്നീട് മുന്നണിയുടെ ഭാഗമാക്കി ടേം അനുസരിച്ച് രണ്ടാം പിണറായി സര്‍ക്കാരില്‍ ഗണേഷ് കുമാറിനു മന്ത്രിസ്‌ഥാനം നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗതാഗത മന്ത്രിയെന്ന നിലയില്‍ ഗണേഷ് കുമാറിന്റെ പ്രവര്‍ത്തനം മികച്ചതാണ്. ഇതിനൊപ്പം സി.പി.എമ്മുമായി അകന്നു നിന്നിരുന്ന എന്‍.എസ്.എസിനെ ഇടത്തേക്ക് കൊണ്ടുവരുന്നതിലും നിര്‍ണായക പങ്കു വഹിച്ചു. സി.പി.എമ്മിനും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും ഇടയില്‍ പാലമായി നിന്നത് ഗണേഷ് കുമാറാണ്.
ഇതിനു മതിയായ അംഗീകാരം കേരളാ കോണ്‍ഗ്രസിനു സി.പി.എം. നല്‍കുമെന്നു തന്നെയാണു പൊതുവിലയിരുത്തല്‍.ദേവസ്വം ബോര്‍ഡുകളില്‍ അടക്കം നിയമനങ്ങള്‍ വരുമ്പോള്‍ എന്‍.എസ്.എസ്.തീരുമാനവും ഇനി സര്‍ക്കാര്‍ പരിഗണിച്ചേക്കും. നിലവില്‍ കേരള കോണ്‍ഗ്രസ് (ബി) യ്‌ക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗത്വം നല്‍കിയിട്ടുണ്ട്.