
കോട്ടയം: കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ പിന്നിലെന്ന് പഠന റിപ്പോര്‍ട്ട്. കോട്ടയം മഹാത്മാഗാന്ധി സർവകലാശാല നടത്തിയ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ-ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള മൂന്ന് വർഷത്തെ സമഗ്ര പഠനത്തിലാണ് ഇക്കാര്യമുള്ളത്.
2022 സെപ്റ്റംബർ മുതല്‍ 2025 സെപ്റ്റംബർ വരെയാണ് നടന്നത്. എല്ലാ ജില്ലകളിലുമായി 1,554 കുടിയേറ്റ തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് പഠനം.
ഭൂരിഭാഗം കുടിയേറ്റക്കാരും പശ്ചിമ ബംഗാള്‍ (28.8%), അസം (21.2%), ബിഹാർ (19.2%) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവരില്‍ 83% പുരുഷന്മാരാണെന്നും പഠനം സൂചിപ്പിക്കുന്നു. കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും 18-27 പ്രായത്തിലുള്ള യുവാക്കളാണ്. അണുകുടുംബങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേരും കുടിയേറുന്നത് എന്നത് ശ്രദ്ധേയമാണ്.
പകുതിയോളം (44.1%) പേർ നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്, മറ്റുള്ളവർ പ്ലൈവുഡ്, മത്സ്യബന്ധനം, നിർമ്മാണ മേഖലകളില്‍ ജോലി ചെയ്തു വരുന്നവരാണ് . കുടിയേറ്റ തൊഴിലാളികളില്‍ 50% ത്തിലധികം പേർ ആറുമുതല്‍ പന്ത്രണ്ടു പേരുമായി മുറികള്‍ പങ്കിട്ടു താമസിക്കുന്നവരാണെന്നും , 23% പേർ വളരെ മോശം താമസ സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
കുടിയേറ്റ തൊഴിലാളികളുടെ ശുചിത്വം ആശങ്കയായി തുടരുന്നു എന്നതാണ് 80% പേർക്ക് 20 മുതല്‍ 25 പേർ പങ്കിടുന്ന ടോയ്‌ലറ്റുകളെ ആശ്രയിക്കേണ്ടി വരുന്നതില്‍ നിന്നും മനസിലാകുന്നത്. അതേസമയം 37% പേർക്ക് അവരുടെ ജോലിസ്ഥലങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യങ്ങളില്ല എന്നത് തൊഴില്‍ സാഹചര്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യ പ്രശ്നത്തെ എടുത്തു കാണിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആരോഗ്യ സംവിധാനം മികച്ചതായി തോന്നിയെങ്കിലും, ആരോഗ്യ സ്ഥാപന പ്രവേശനങ്ങളില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുന്നതായി സൂചിപ്പിക്കുന്നു. ആരോഗ്യ ഇൻഷുറൻസില്‍ 10% പേർക്ക് മാത്രമേ പരിരക്ഷ ലഭിക്കുന്നുള്ളു എന്നതും 87.7 % പേർക്ക് ആരോഗ്യ നയങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലന്നും കൂടാതെ 98 .5% പേർക്ക് സർക്കാർ ആരോഗ്യ പദ്ധതികളില്‍ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നതും ആരോഗ്യ കേരളത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ പരിഗണിക്കുന്നില്ല എന്നതിനെ എടുത്തു കാണിക്കുന്നു. ഭാഷാ തടസ്സങ്ങളും ജോലിക്ക് ശേഷമുള്ള ആരോഗ്യ സംരക്ഷണ ഓപ്ഷനുകളുടെ അഭാവവുമാണ് ഏറ്റവും വലിയ തടസ്സങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
കുടിയേറ്റക്കാരില്‍ ഉയർന്ന തോതിലുള്ള മാനസിക സമ്മർദമുണ്ട്. ഏകാന്തത, അമിതമായി ചിന്തിക്കല്‍, സാമ്പത്തിക അരക്ഷിതാവസ്ഥ എന്നിവയാണ് ഏറ്റവും സാധാരണമായ വൈകാരിക വെല്ലുവിളികള്‍. കുടുംബാംഗങ്ങളില്‍ നിന്നുള്ള അകലം മാനസിക ക്ലേശത്തിന് ഒരു പ്രധാന ഘടകമാണെന്നും പഠനം എടുത്ത് കാണിക്കുന്നു.
ആധുനിക സാങ്കേതികവിദ്യകള്‍ ലഭിക്കുന്ന സ്മാർട്ട്‌ഫോണുകള്‍ 85.5% പേർക്ക് ഉണ്ടെങ്കിലും വളരെ കുറച്ച് പേർ മാത്രമേ ടെലിമെഡിസിൻ അല്ലെങ്കില്‍ ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ.
കേരള സംസ്ഥാനത്തിന്റെ വിവരാകാശ രേഖകള്‍ പ്രകാരം, കേരളത്തിലെ ഏറ്റവും വലിയ കുടിയേറ്റ ജനസംഖ്യയുള്ള എറണാകുളം ജില്ലയിലാണ് പരിശീലനം നടത്തിയത്. മോശം ജീവിത സാഹചര്യത്തിലും കുടിയേറ്റക്കാർ പ്രതിമാസം ശരാശരി ₹9,000-₹15,000 വരെ അവരുടെ കുടുംബങ്ങള്‍ക്ക് അയക്കുന്നതായും ആരോഗ്യ പ്രതിസന്ധികളില്‍ 46.9% പേർക്ക് തൊഴിലുടമകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുടിയേറ്റക്കാർ കേരളത്തിന്റെ മികച്ച ആരോഗ്യ സംരക്ഷണം എന്ന് പറയുന്നുണ്ട് എങ്കിലും 81.9% പേർ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
പഠനത്തിന്റെ പ്രധാന അന്വേഷകനായി ഡോ. ബിജുലാല്‍ എം.വി , സഹ-അന്വേഷകരായി ഡോ. സി.ടി. അരവിന്ദകുമാർ, ഡോ. നൗഷാദ് പി.പി, ഡോ. അബ്ദുള്‍ ജബ്ബാർ, ഡോ. രാജേഷ് മാനി എന്നിവരും മുഴുവൻ സമയപ്രോജക്‌ട് അസോസിയേറ്റായി നവാസ് എം. ഖാദറും പ്രവർത്തിച്ചു.