
കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും നിപ; കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ വൈറസ് സ്ഥിരീകരിച്ചു
സ്വന്തംലേഖിക
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധയാണെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചു.ആലപ്പുഴയിലെ ലാബിലെ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു.വൈകുന്നേരം ആരോഗ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.എറണാകളുത്തെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സക്കെത്തിയ വടക്കേക്കര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗം സംശയിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രി ബംഗളൂരുവിലെ സ്വകാര്യ ലാബിൽ സാമ്പിളുകൾ ആദ്യം പരിശോധനയ്ക്ക് അയച്ചു. ഇതിൽ നിപ കണ്ടെത്തിയതോടെ സ്വകാര്യ ആശുപത്രി വിവരം ആരോഗ്യ വകുപ്പിന് കൈമാറി. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം വീണ്ടും പരിശോധനകൾ. സാമ്പിളുകൾ ആലപ്പുഴയിലേക്കും പൂനയിലേക്കും മണിപ്പാലിലേക്കും അയച്ചു. ആലപ്പുഴയിലെ പരിശോധനയിലും നിപ തന്നെയെന്ന് കണ്ടെത്തൽ. ഇന്ന് രാവിലെ പൂനെ വൈറോളജി ലാബും നിപ സ്ഥിരീകരിച്ചുള്ള വിവരം സംസ്ഥാന ആരോഗ്യവകുപ്പിന് അനൌദ്യോഗികമായി കൈമാറി.യുവാവിന്റെ ശരീരത്തിൽ നിപ പോസിറ്റീവാണെന്നതായിരുന്നു റിപോർട്ട്. സമാനമായ റിപോർട്ട് തന്നെയാണ് മണിപ്പാൽ ലാബിന്റെതെന്നുമാണ് സൂചനകൾ. പക്ഷേ മണിപ്പാലിൽ നിന്നുള്ള റിപോർട്ട് ഔദ്യോഗികമായി ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇത് കൂടി ലഭിച്ച ശേഷമായിരിക്കും നിപ ബാധ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുക.