
ദില്ലി: കേരളത്തിലെ എസ്ഐആറിനെതിരായ ഹര്‍ജികളിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും നിലവിൽ നടപടികള്‍ മാറ്റിവെയ്ക്കാനാകില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന നടപടികൾ പൂർത്തിയായെന്നും എസ് ഐ ആറിൽ 81 ശതമാനം ഫോമുകൾ ഡിജിറ്റലൈസ് ചെയ്തുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കേരളത്തിലെ ബിഎൽ ഒ യുടെ മരണം എസ് ഐ ആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും സംസ്ഥാനത്തിന്‍റെ ഹർജി പിഴയോടെ തള്ളണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കേരളത്തിലടക്കം എസ്ഐആര്‍ നടപടിക്ക് ഒരാഴ്ച കൂടി സമയപരിധി നീട്ടിയതും കമ്മീഷൻ സത്യവാങ്മൂലത്തിൽ ചൂണ്ടികാണിച്ചു. അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയിൽ എസ്ഐആറുമായി ബന്ധപ്പെട്ട് മറുപടി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് അറിയിച്ചത്. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി,ഡിജിപി ഉൾപ്പെടെയുള്ളവരുമായി യോഗം ചേർന്ന് വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കി. തെരഞ്ഞെടുപ്പ് നടപടികൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുവെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.



