കേരള സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയായ മെഡിസെപ്പില്‍ 18 ശതമാനം ജിഎസ്ടി: തമിഴ്നാട്ടിൽ ജി എസ് ടി ഇല്ല:കേരളത്തില്‍ ഓരോ ഗുണഭോക്‌താവും വര്‍ഷം 1482 രൂപ വീതം ഇനി ജി.എസ്‌.ടി ഇനത്തില്‍ അധികം നല്‍കേണ്ടിവരും.

Spread the love

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയായ മെഡിസെപ്പില്‍ സര്‍ക്കാരിന്റെ ഇരുട്ടടി.
കേരളത്തില്‍ ഓരോ ഗുണഭോക്‌താവും വര്‍ഷം 1482 രൂപ വീതം ഇനി ജി.എസ്‌.ടി ഇനത്തില്‍ അധികം നല്‍കേണ്ടിവരും.

video
play-sharp-fill

തൊട്ടടുത്ത സംസ്‌ഥാനമായ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ജി.എസ്‌.ടി ഈടാക്കുന്നില്ലെന്നിരിക്കെയാണ്‌ കേരളത്തില്‍ അതിപ്രഹരം. ഇതിനെതിരേ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇടയില്‍നിന്നു വ്യാപക പ്രതിഷേധമാണ്‌ ഉയരുന്നത്‌.

മെഡിസെപ്‌ രണ്ടാം ഘട്ടത്തില്‍ വാര്‍ഷിക പ്രീമിയം തുകയായി 8327 രൂപയാണ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. ഇതിനൊപ്പം 18 ശതമാനം ജി.എസ്‌.ടി. (1482 രൂപ) കൂടി ചേരുന്നതോടെ ആകെ തുക 9719 രൂപയാകും. ഇതോടെ പ്രതിമാസം ശമ്ബളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ 810 രൂപ വീതം കുറവ്‌ ചെയ്യപ്പെടും. നേരത്തെ ഇത്‌ 500 രൂപയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ജി.എസ്‌.ടി. ഒഴിവാക്കി കിട്ടാന്‍ അവിടുത്തെ ഇന്‍ഷുറന്‍സ്‌ കമ്ബനി (യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌) അഡ്വാന്‍സ്‌ റൂളിങ്‌ അതോറിറ്റിയെ സമീപിച്ച്‌ അനുകൂല ഉത്തരവ്‌ വാങ്ങിയിരുന്നു. സര്‍ക്കാര്‍ അടയ്‌ക്കുന്ന പ്രീമിയത്തിന്‌ ജി.എസ്‌.ടി. ബാധകമല്ലെന്ന തത്വം ഉപയോഗിച്ചാണ്‌ അവിടെ ഇളവ്‌ നേടിയത്‌.

എന്നാല്‍ കേരളത്തില്‍ മെഡിസെപ്‌ നടപ്പിലാക്കുന്ന ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്ബനി ഇത്തരം നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന്‌ സംഘടനകള്‍ ആരോപിക്കുന്നു.വ്യക്‌തിഗത ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്‌.ടി. ഒഴിവാക്കിയെങ്കിലും ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സിനെ ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ്‌ കേരള സര്‍ക്കാരിന്റെ വാദം.

ഇന്‍ഷുറന്‍സ്‌ കമ്ബനിയുമായി ചര്‍ച്ച നടത്തിയത്‌ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്‌. അഞ്ച്‌ ഗഡു ക്ഷാമബത്ത നിലവില്‍ കുടിശികയാണ്‌. പ്രഖ്യാപിച്ച ക്ഷാമബത്തയ്‌ക്കും ക്ഷാമ ആശ്വാസത്തിനും കുടിശിക നല്‍കിയതുമില്ല. 2024 ജൂലൈ ഒന്നു മുതല്‍ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്ബള പരിഷ്‌കരണത്തിന്‌ കമ്മിഷനെ പോലും ഇതുവരെ നിയമിച്ചിട്ടില്ലെന്നും ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ്‌ മെഡിസെപ്പിലും പ്രഹരം.