video
play-sharp-fill

സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് ഉടൻ നിരത്തിലിറങ്ങും ; ഗ്രീൻ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് പുറത്തിറങ്ങുന്നത് സിയാൽ, ബിപിസിഎൽ സഹകരണത്തോടെ

സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് ഉടൻ നിരത്തിലിറങ്ങും ; ഗ്രീൻ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് പുറത്തിറങ്ങുന്നത് സിയാൽ, ബിപിസിഎൽ സഹകരണത്തോടെ

Spread the love

കൊച്ചി: സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് ഉടൻ നിരത്തിലിറങ്ങും. സുസ്ഥിര ​ഗതാ​ഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായുള്ള സുപ്രധാന ചുവടു വയ്പ്പാണിത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റേയും (ബിപിസിഎൽ), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും (സിയാൽ) സഹകരണത്തോടെയാണ് ബസ് പുറത്തിറങ്ങുന്നത്. ​ഗ്രീൻ ഹൈഡ്രജൻ ഉപയോ​ഗിക്കുന്ന ബസിന്റെ മാതൃക മാർച്ച് 12, 13 തീയതികളിൽ കൊച്ചിയിൽ നടന്ന ​ഗ്ലോബൽ ഹൈഡ‍്രജൻ, റിന്യൂവബിൾ എനർജി ഉച്ചക്കോടിയിൽ പ്രദർശിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ ആദ്യ ​ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധന സ്റ്റേഷനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം നിർമാണത്തിലാണ്. 25 കോടി രൂപയാണ് പ്ലാന്റ് നിർമാണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഇന്ധന പ്ലാന്റിന്റെ 70 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഹൈഡ്രജൻ ബസിനുള്ള ഇന്ധനത്തിനു പുറമേ വിമാനത്താവളത്തിലെ വാഹനങ്ങൾക്കു വൈദ്യുതി നൽകാനും ഇവ ഉപയോ​ഗപ്പെടുത്തും. സംയോജിത പ്ലാന്റ്, ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കൽ, സാങ്കേതികവിദ്യ നൽകൽ എന്നിവയെല്ലാം ബിപിസിഎൽ മേൽനോട്ടത്തിലാണ്.

പ്ലാന്റിന്റെ കമ്മീഷൻ കഴിഞ്ഞാൽ ബസ് നിരത്തിലിറക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപിഐടി ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോ​ഗിച്ചാണ് ബസിന്റെ പ്രവർത്തനം. വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റിയായിട്ടായിരിക്കും ബസ് ഓടുക. രജിസ്ട്രേഷൻ നടപടികൾ പുരോ​ഗമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനരുപയോ​ഗിക്കാവുന്ന ഊർജ സ്രോതസുകൾ ഉപയോ​ഗിച്ചു വെള്ളത്തിൽ നിന്നു ഉത്പാദിപ്പിക്കുന്ന ​ഗ്രീൻ ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമായാണ് വിലയിരുത്തപ്പെടുന്നത്. ​ഗ്രീൻ ഹൈഡ്രജൻ ഇന്ധനം ഉപയോ​ഗിച്ചുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നിലവിൽ 5 പൈലറ്റ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഇന്ധനം ഉപയോ​ഗിച്ചുള്ള ബസുകൾ, ട്രക്കുകൾ, ഇന്ധനം നിറയ്ക്കാനുള്ള സ്റ്റേഷനുകൾ എന്നിവ പദ്ധതിയുടെ ഭാ​ഗമാണ്.

രാജ്യത്തുടനീളമുള്ള 10 റൂട്ടുകളിലായി 15 ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിത വാഹനങ്ങളും 22 ഇന്റേണൽ കംപാസ്റ്റൻ എൻജിൻ വാഹനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കാൻ തീരുമാനമുണ്ട്. ഇതിനായി കേരളത്തിലെ രണ്ട് റൂട്ടുകളും തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം- കൊച്ചി, കൊച്ചി- ഇടപ്പള്ളി റൂട്ടുകളാണ് പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തത്. രണ്ട് വർഷത്തിനുള്ളിൽ തന്നെ പദ്ധതികൾ കമ്മീഷൻ ചെയ്യാൻ സാധ്യതയുണ്ട്. അതോടെ ഇത്തരം സാങ്കേതിക വിദ്യകളുടെ വ്യാപനത്തിനും ഇവ വഴിയൊരുക്കും.