കോട്ടയം: കേരളത്തില്‍ കാലവര്‍ഷം രണ്ടുദിവസത്തിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 24 മുതല്‍ ഏഴു ദിവസം വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകും. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ മേയ് 24, 25, 26 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു.115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മേയ് 27 ന് മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക -ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി. വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 27 ന് മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്.