ഓപ്പറേഷൻ നുംഖോർ; സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ; കസ്റ്റംസ് റെയ്ഡ് ഇന്നും തുടരും

Spread the love

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. 150 ഓളം വാഹനങ്ങളിൽ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ദുൽഖർ സൽമാന് അടക്കമുള്ളവര്‍ക്ക് നോട്ടീസ് നൽകുന്ന കാര്യത്തില്‍ തീരുമാനമായില്ല. ദുൽഖറിന്‍റേതെന്ന് കരുതുന്ന രണ്ട് കാറുകൾക്കായി തെരച്ചിൽ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലിൽ ഉടൻ ഇസിഐആര്‍ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

കസ്റ്റംസ് അതീവ രഹസ്യമായിനടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്. ഇന്ത്യയിൽ മറ്റൊരു രാജ്യത്ത് നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200% തീരുവ നൽകണം.

മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടവും തീരുവയുമുണ്ട്. ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം.

ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്‍യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം 150 ൽ അധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.

ഭൂട്ടാനിൽ നിന്ന് റോഡ് മാർഗം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെത്തിച്ച് വ്യാച രേഖകളുണ്ടാക്കി ഇന്ത്യൻ രജിസ്ട്രേഷൻ സംഘടിപ്പിക്കും.

അവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിച്ച് ആ സംസ്ഥാനങ്ങളിൽ വീണ്ടും രജിസ്ട്രർ ചെയ്യും.

സൂപ്പർ സ്റ്റാറുകൾ, പ്രമുഖ വ്യവസായികൾ, തുടങ്ങി വണ്ടിപ്രേമികളാണ് പ്രധാന ഉപഭോക്താക്കൾ. തുച്ഛമായ വിലയ്ക്കാണ് ഭൂട്ടാനിൽ നിന്നും വാഹനങ്ങൾ വാങ്ങുന്നത്. ഇന്ത്യയിൽ മുപ്പത് ശതമാനത്തോളം തുക കൂട്ടിയിട്ടാണ് കച്ചവടം അപ്പോഴും ലക്ഷണക്കണക്കിന് രൂപ വാഹനവില ഇനത്തിലും ഇറക്കുമതി തീരുവ ഇനത്തിലും സൂപ്പർ സ്റ്റാറുകൾക്കും വ്യവസായികൾക്കും ലാഭമാണ്.